കുവൈത്തിൽ ഗാർഹികത്തൊഴിലാളി ക്ഷാമം രൂക്ഷമാകും
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ഗാർഹികത്തൊഴിലാളി ക്ഷാമം വീണ്ടും രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്. 105,000 ഗാർഹികത്തൊഴിലാളികളുടെ കരാർ കഴിയാനായി. ഇത് രാജ്യത്തെ ആകെ വനിത ഗാർഹിക തൊഴിലാളികളുടെ 25 ശതമാനം വരും.
ഡിമാൻഡ് ഉയരുന്നതിനനുസരിച്ച് പുതിയ തൊഴിലാളികൾ എത്താത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. റമദാൻ വരുന്നതോടെ ഗാർഹികത്തൊഴിലാളികളുടെ ആവശ്യം ഉയരും. വിദേശ റിക്രൂട്ടിങ് ഏജൻസികൾ സഹകരിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ഗാർഹികത്തൊഴിലാളികളുമായി ബന്ധപ്പെട്ട വിദഗ്ധൻ ബസ്സാം അൽ ശമ്മാരി പറഞ്ഞു. റിക്രൂട്ട്മെന്റ് നിരക്ക് മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കുറവായതാണ് ഏജൻസികളെ പിന്തിരിപ്പിക്കുന്നത്. ഏഷ്യൻ തൊഴിലാളികളുടെ റിക്രൂട്ടിങ്ങിന് 1200 ദീനാർ മുതൽ 1400 ദീനാർ വരെയാണ് മറ്റു ഗൾഫ് രാജ്യങ്ങളിലെ നിരക്ക്.
എന്നാൽ, കുവൈത്തിൽ വാണിജ്യ മന്ത്രാലയം നിശ്ചയിച്ച തുക ഇതിന്റെ പകുതിയേ വരൂ. പ്രതിസന്ധി പരിഹരിക്കാൻ ഇത്യേപ്യയിൽനിന്ന് വൻതോതിൽ റിക്രൂട്ട്മെന്റ് നടത്താൻ പദ്ധതിയിട്ടിരുന്നെങ്കിലും ഇത് എവിടെയും എത്തിയിട്ടില്ല. ഇരുരാജ്യങ്ങളും തമ്മിൽ കഴിഞ്ഞ വർഷം കരാറിൽ ഒപ്പിട്ടതാണ്. ഗാർഹികത്തൊഴിലാളി റിക്രൂട്ട്മെന്റിന് സർക്കാർ രൂപവത്കരിച്ച അൽ ദുർറ കമ്പനി വിവിധ രാജ്യങ്ങളിൽനിന്ന് വൻതോതിൽ തൊഴിലാളികളെ എത്തിക്കുമെന്നും റിക്രൂട്ട്മെന്റ് ചെലവ് ഗണ്യമായി കുറയുമെന്നും അവകാശപ്പെട്ടിരുന്നെങ്കിലും ഫലവത്തായില്ല. രണ്ട് തൊഴിലാളികളുടെ ദാരുണ മരണത്തിന്റെ പശ്ചാത്തലത്തിൽ ഫിലിപ്പീൻസ് കുവൈത്തിലേക്ക് തൊഴിലാളികളെ അയക്കുന്നത് നിർത്താൻ ആലോചിക്കുന്നതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുണ്ടായിരുന്നു. ഇത് സംഭവിച്ചാൽ കുവൈത്തിലെ ഗാർഹികത്തൊഴിലാളി ക്ഷാമം ഏറെ രൂക്ഷമാകും. രാജ്യത്തെ വനിത ഗാർഹികത്തൊഴിലാളികളിൽ ഗണ്യമായ ശതമാനം ഫിലിപ്പീനികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

