സീസൺ കഴിഞ്ഞു; ഇനി കുവൈത്തിൽനിന്ന് കുറഞ്ഞ നിരക്കിൽ നാട്ടിലെത്താം
text_fieldsകുവൈത്ത് സിറ്റി: തിരക്കേറിയ സീസൺ അവസാനിച്ചതോടെ നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ വൻ ഇടിവ്. ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ കുവൈത്തിൽ നിന്ന് കണ്ണൂർ, കോഴിക്കോട്, കൊച്ചി, തിരുവന്തപുരം എന്നിവിടങ്ങളിലേക്ക് എല്ലാമുള്ള ടിക്കറ്റ് നിരക്കിൽ കുറവുണ്ട്.
അടുത്ത വ്യാഴാഴ്ച 48 ദീനാറിന് എയർഇന്ത്യ എക്സ്പ്രസിൽ കുവൈത്തിൽ നിന്ന് കണ്ണൂരിലെത്താം. തുടർന്നുള്ള വ്യാഴാഴ്ചകളിൽ 54 ദീനാറാണ് നിരക്ക്. സെപ്റ്റംബറിലും കുവൈത്തിൽ നിന്ന് കണ്ണൂരിലെത്താൻ 54 ദീനാർ മതി. നിലവിൽ ആഴ്ചയിൽ വ്യാഴാഴ്ചമാത്രമാണ് കുവൈത്തിൽ നിന്ന് കണ്ണൂരിലേക്ക് എയർഇന്ത്യ എക്സ്പ്രസ് സർവിസ് നടത്തുന്നത്.
ഈമാസം കുവൈത്ത്-കോഴിക്കോട് എയർഇന്ത്യ എക്സ്പ്രസ് നിരക്ക് 38ദീനാർ വരെ താഴുന്നുണ്ട്. ഈ മാസം ഞായർ,തിങ്കൾ,ബുധൻ ദിവസങ്ങളിൽ 38ദീനാർ ആണ് നിലവിൽ കാണിച്ചിരിക്കുന്ന ടിക്കറ്റ് നിരക്ക്. വ്യാഴം,വെള്ളി ദിവസങ്ങളിൽ 42ദീനാർ ആണ് നിരക്ക്. സെപ്റ്റംബറിൽ കുവൈത്തിൽ നിന്ന് കോഴിക്കോട്ടേക്ക് 48 ദീനാർ ആണ് നിലവിലെ ടിക്കറ്റ് നിരക്ക്. കുവൈത്തിൽ കോഴിക്കോട്ടേക്ക് ചൊവ്വ,ശനി ദിവസങ്ങൾ ഒഴികെ ആഴ്ചയിൽ അഞ്ച് സർവീസ് എയർഇന്ത്യ എക്സ്പ്രസിനുണ്ട്.
ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ കുവൈത്തിൽ നിന്ന് കൊച്ചിയിലേക്ക് ഇൻഡിഗോ 44 ദീനാർ, കുവൈത്ത് എയർവേയ്സ് 56 ദീനാർ, ജസീറ എയർവേയ്സ് 44 ദീനാർ എന്നീ നിരക്കുകളിൽ ടിക്കറ്റ് ലഭ്യമാണ്. തിരുവനന്തപുരത്തേക്ക് ജസീറ എയർവേയ്സിൽ ഈ കാലയളവിൽ 69 ദീനാറാണ് നിലവിൽ രേഖപ്പെടുത്തിയിരിക്കുന്ന ടിക്കറ്റ് നിരക്ക്. ഇതിലും കുറഞ്ഞ നിരക്കിൽ കണക്ഷൻ വിമാനങ്ങളിലും ടിക്കറ്റ് ലഭ്യമാണ്. എന്നാൽ കണക്ഷൻ വിമാനങ്ങൾ സമയ നഷ്ടത്തിന് കാരണമാകും.
അതേസമയം, നാട്ടിലുള്ള പ്രവാസികൾ തിരിച്ചെത്തുന്ന സമയത്ത് ടിക്കറ്റ് നിരക്ക് ഉയർന്നിട്ടുണ്ട്. നിലവിൽ കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിൽ നിന്നും കുവൈത്തിലേക്ക് വലിയ നിരക്കാണ്. ഈ മാസം 146 ദീനാറാണ് കണ്ണൂരിൽ നിന്ന് കുവൈത്തിലേക്ക് എയർഇന്ത്യ എക്സ്പ്രസ് നിരക്ക്. സെപ്റ്റംബർ ആദ്യ ആഴ്ച 126ദീനാറും തുടർന്നുള്ള ആഴ്ചകളിൽ നിരക്ക് കുറയുന്നുണ്ട്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നും ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ കുവൈത്തിൽ എത്താൻ ഉയർന്ന നിരക്ക് നൽകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

