ഡോക്ടർമാരുടെ സർട്ടിഫിക്കറ്റ് പരിശോധന; വിദേശ ഏജൻസിയെ ഏൽപിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ വിദേശി ഡോക്ടർമാരുടെ സർട്ടിഫിക്കറ്റ് പരിശോധിക്കാനു ള്ള ചുമതല വിദേശ ഏജൻസിയെ ഏൽപിച്ചു. അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന എപിക് സിസ്റ്റംസ് കോർപറേഷൻ എന്ന ഏജൻസിയെയാണ് ആരോഗ്യമന്ത്രാലയം ഇതിനായി ചുമതലപ്പെടുത്തിയത്. സർട്ടിഫിക്കറ്റ് പരിശോധന രംഗത്ത് ആഗോളതലത്തിൽ പേരെടുത്ത ഏജൻസിയാണ് എപിക്. ആരോഗ്യമന്ത്രാലയത്തിൽ ജോലി ചെയ്യുന്നവരും പുതുതായി നിയമിക്കപ്പെടുന്നവരും ആയ മുഴുവൻ വിദേശ ഡോക്ടർമാരും ഏജൻസി വഴി യോഗ്യതയുടെ ആധികാരികത ഉറപ്പുവരുത്തേണ്ടി വരും. ഞായറാഴ്ച മുതൽ ഏജൻസി പ്രവർത്തനം തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. പരിശോധന നടപടികൾക്ക് ആരോഗ്യമന്ത്രാലയം ഫീസ് ഈടാക്കില്ല. പകരം രജിസ്ട്രേഷൻ ഫീസായി 125 ഡോളറും സാക്ഷ്യപ്പെടുത്തുന്ന ഒാരോ സർട്ടിഫിക്കറ്റിനും 80 ഡോളർ വീതവും ഏജൻസിയിൽ അടക്കണം. വ്യാജ സർട്ടിഫിക്കറ്റുകളുടെ ബലത്തിൽ ഡോക്ടർമാരായി നിയമിക്കപ്പെടുന്ന സാഹചര്യം ഇല്ലാതാക്കുന്നതിനായാണ് ആരോഗ്യമന്ത്രാലയം സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ നിർബന്ധമാക്കുന്നത്. വിദേശ എൻജിനീയർമാരുടെ യോഗ്യത സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ സ്വീഡിഷ് കമ്പനിയെ ഏൽപിച്ചതിന് പിന്നാലെയാണ് ഡോക്ടർമാരുടെ സർട്ടിഫിക്കറ്റുകളുടെ ആധികാരികതയും അധികൃതർ പരിശോധിക്കാനൊരുങ്ങുന്നത്. ആരോഗ്യമന്ത്രാലയത്തിെൻറ നടപടിയെ കുവൈത്ത് മെഡിക്കൽ അസോസിയേഷൻ സ്വാഗതം ചെയ്തു. സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്താൻ എപിക് പോലെയുള്ള പ്രമുഖ ഏജൻസിയെതന്നെ ഏൽപിച്ചത് ആരോഗ്യ മേഖലയുടെ കാര്യക്ഷമത ഉറപ്പാക്കാൻ സഹായകമാകുമെന്ന് കെ.എം.എ പ്രസിഡൻറ് ഡോ. അഹമ്മദ് അൽ ഇനീസി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
