65 കഴിഞ്ഞ ഡോക്ടർമാരുടെ സേവനം അവസാനിപ്പിക്കണമെന്ന് സ്വദേശിവത്കരണ സമിതി
text_fieldsകുവൈത്ത് സിറ്റി: സർക്കാർ ആശുപത്രികളിലെ 65 വയസ്സ് കഴിഞ്ഞ വിദേശ ഡോക്ടർമാരെ സർവിസിൽനിന്ന് പിരിച്ചുവിടണമെന്ന് ആവശ്യം.
പ്രാദേശിക പത്രവുമായുള്ള അഭിമുഖത്തിൽ സ്വകാര്യവത്കരണത്തിനായുള്ള പാർലമെൻറ് സമിതി മേധാവി ഖലീൽ അൽ സാലിഹ് എം.പിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ആരോഗ്യമന്ത്രാലയത്തിൽനിന്ന് വിദേശികളെ പൂർണമായി ഒഴിവാക്കാൻ സാധിക്കില്ലെന്ന് സിവിൽ സർവിസ് കമീഷൻ ഡയറക്ടർ അഹ്മദ് അൽ ജസ്സാർ കഴിഞ്ഞദിവസം പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
ഇതേതുടർന്നാണ് പാർലമെൻറ് സമിതി വിഷയത്തിൽ ഇടപെട്ടത്.
ആരോഗ്യമന്ത്രാലയത്തിലായാലും വിദ്യാഭ്യാസ മന്ത്രാലയത്തിലായാലും അനിവാര്യതയുണ്ടെങ്കിൽ മാത്രമേ വിദേശികളുടെ സേവനം ഉപയോഗപ്പെടുത്താവൂ. വിദഗ്ധനാണെങ്കിലും 65 കഴിഞ്ഞാൽ ശസ്ത്രക്രിയ പോലുള്ള ചികിത്സാ കാര്യങ്ങൾ കൃത്യമായി നിർവഹിക്കാൻ സാധിക്കില്ല. അനിവാര്യഘട്ടമാണെങ്കിലും 65 വയസ്സുവരെ മാത്രമേ വിദേശ ഡോക്ടർമാർക്കും നഴ്സുമാർക്കും സർവിസിൽ തുടരാൻ അനുമതി നൽകേണ്ടതുള്ളൂ.
വിവിധ വിഷയങ്ങളിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ നിരവധി സ്വദേശികളാണ് ഓരോ വർഷവും പുറത്തിറങ്ങുന്നത്. ഇവരെ ഉപയോഗപ്പെടുത്തി സ്വദേശിവത്കരണ നടപടികൾ ശക്തിപ്പെടുത്തണം. വിദേശികളുടെ എണ്ണം ഗണ്യമായി കുറച്ച് അവരിൽ ആവശ്യമായവരെ മാത്രം അവശേഷിപ്പിക്കുകയെന്ന നിലപാടാണ് സമിതിക്കുള്ളതെന്നും ഖലീൽ അൽ സാലിഹ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
