അധികാരത്തിന്റെ തിളക്കത്തിൽ നിലപാടുകൾ മറക്കരുത്
text_fieldsകേരള രാഷ്ട്രീയത്തിൽ ജനാധിപത്യപരമായ മാറ്റങ്ങൾ സംഭവിക്കുമ്പോൾ ഭരണപക്ഷത്ത് ഇരിക്കുന്നവർക്ക് എപ്പോഴും ഓർമ്മയുണ്ടാകേണ്ട ഒരു കാര്യമുണ്ട്. തങ്ങൾ അധികാരത്തിലെത്തിയത് പ്രതിപക്ഷത്തിരുന്നപ്പോൾ ജനങ്ങളോട് പറഞ്ഞ വാഗ്ദാനങ്ങൾക്കും ഉയർത്തിപ്പിടിച്ച നിലപാടുകൾക്കും ലഭിച്ച അംഗീകാരം കൊണ്ടാണ്. എന്നാൽ, അധികാരം ലഭിക്കുമ്പോൾ പലരും ഇത് മറക്കുന്നു. പ്രതിപക്ഷത്തിരിക്കുമ്പോൾ സ്വീകരിച്ച അതേ ആർജ്ജവത്തോടെയും, കൂടുതൽ ഉത്തരവാദിത്തത്തോടെയും മുന്നോട്ട് പോകാൻ ഭരണനേതൃത്വത്തിന് കഴിയണം. അധികാരത്തിന്റെ സൗകര്യത്തിനായി പറഞ്ഞ കാര്യങ്ങൾ പിന്നീട് തിരുത്തി പറയുന്നത് പാർട്ടികൾക്ക് ജനങ്ങൾക്കിടയിലുള്ള വിശ്വാസ്യതയെ തകർക്കും.
പി.എം.ശ്രീ പോലുള്ള കേന്ദ്രീകൃത അജണ്ടകളിലും, കഴിഞ്ഞ പത്തുവർഷക്കാലം ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രവർത്തനങ്ങളെയും അവരുമായി ഇടതുപക്ഷ സർക്കാർ പുലർത്തുന്ന അവിശുദ്ധ ബന്ധത്തെയും ശക്തമായി വിമർശിച്ചവരാണ് യു.ഡി.എഫ്. ആ വിമർശനങ്ങളിൽ അടിയുറച്ചു നിൽക്കാൻ യു.ഡി.എഫിന് ബാധ്യതയുണ്ട്. പ്രതിപക്ഷത്തിരുന്നപ്പോൾ എന്ത് നിലപാടാണോ സ്വീകരിച്ചത്, അതിൽ ഒരു മാറ്റവും വരാൻ പാടില്ല. അധികാരത്തിൽ വന്ന ശേഷം ഇത്തരം വിഷയങ്ങളിൽ അയഞ്ഞ സമീപനം സ്വീകരിക്കുന്നത് ജനങ്ങൾ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കും.
രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് പോലുള്ള നമ്മുടെ ആശയധാരയുമായി ചേർന്നുനിൽക്കുന്ന പൊതുവേദികൾ രാഷ്ട്രീയ ശത്രുക്കൾക്ക് വിട്ടുകൊടുക്കുന്ന പ്രവണത അവസാനിപ്പിക്കണം. പാർട്ടിയുടെ നയങ്ങളെയും ലക്ഷ്യങ്ങളെയും പരസ്യമായി തള്ളിപ്പറയുന്നവർക്ക് ഇത്തരം വേദികൾ ഒരുക്കിക്കൊടുക്കുന്നത് ജനാധിപത്യ മര്യാദയല്ല, രാഷ്ട്രീയ അവിവേകമാണ്. ഇത് പാർട്ടി പ്രവർത്തകരുടെ മനോവീര്യം കെടുത്തുകയേ ഉള്ളൂ. അധികാരത്തിന്റെ മുകളിൽ ആദർശങ്ങൾ ബലികഴിക്കുന്ന ഭരണകൂടത്തെയല്ല, തങ്ങൾ വിശ്വസിച്ച രാഷ്ട്രീയ പാതയിൽ അടിയുറച്ചുനിന്ന് മുന്നോട്ടുപോകുന്ന ഒരു ഭരണത്തെയാണ് കേരളം ആഗ്രഹിക്കുന്നത്. വിശ്വാസ്യതയാണ് രാഷ്ട്രീയത്തിലെ ഏറ്റവും വലിയ മൂലധനം. അത് തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ തയ്യാറാകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

