ഡി.ജി.സി.എ ഇനി ‘പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ’
text_fieldsപ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗം
കുവൈത്ത് സിറ്റി: ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) ഇനി ‘പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ’. ഡി.ജി.സി.എ പുനർനാമകരണത്തിനുള്ള കരട് ഡിക്രി നിയമത്തിന് കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ അംഗീകാരം നൽകി. യോഗത്തിൽ പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അസ്സബാഹ് അധ്യക്ഷതവഹിച്ചു.
അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ (ഐ.സി.എ.ഒ) ആവശ്യകതകൾ പാലിച്ചാണ് ഈ നീക്കം. വിമാനത്താവളങ്ങൾക്കും വ്യോമയാന സൗകര്യങ്ങൾക്കും ലൈസൻസ് നൽകുന്നതിനുള്ള നിർണായക ഘടകമായി ഇത് കണക്കാക്കപ്പെടുന്നുവെന്ന് ഉപപ്രധാനമന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ ശരീദ അൽ മൗശർജി പറഞ്ഞു.
സിവിൽ വ്യോമയാന മേഖലക്ക് ആധുനികവും സംയോജിതവുമായ നിയമനിർമാണത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള സർക്കാറിന്റെ തിരിച്ചറിവിന്റെ ഭാഗമാണ് തീരുമാനം. അന്തിമ അംഗീകാരത്തിനായി കരട് ഡിക്രി നിയമം അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന് അയച്ചു.
1970ലെ 31ാം നമ്പർ നിയമത്തിലെ ആർട്ടിക്ക്ൾ 58 ഭേദഗതി ചെയ്യുന്ന കരട് ഡിക്രി നിയമത്തിനും മന്ത്രിമാരുടെ കൗൺസിൽ അംഗീകാരം നൽകി. ജുഡീഷ്യൽ വിധികൾ നടപ്പിലാക്കാൻ മനഃപൂർവ്വം വിസമ്മതിക്കുന്ന പൊതു ജീവനക്കാർക്കുള്ള ശിക്ഷകൾ ഇത് നിയന്ത്രിക്കുന്നു. പുതിയ വ്യവസ്ഥകൾ പ്രകാരം ഔദ്യോഗിക അറിയിപ്പ് ലഭിച്ച് 90 ദിവസത്തിനുള്ളിൽ ജുഡീഷ്യൽ വിധി നടപ്പിലാക്കാത്തവർക്ക് തടവും പിഴയും നേരിടേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

