ആഭ്യന്തര മന്ത്രിയുടെ നേരിട്ടുള്ള പരിശോധന
text_fieldsആക്ടിങ് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഉൗദ് അസ്സബാഹ്
പരിശോധനയിൽ
കുവൈത്ത് സിറ്റി: രാജ്യത്തിന് പുറത്തേക്ക് ഇന്ധനം കടത്തുന്നതിന് അബ്ദലിയിലെ ഫാമിൽ പ്രവർത്തിച്ചുവരുകയായിരുന്ന സംഭരണശാലയിൽ ആഭ്യന്തര മന്ത്രാലയം പരിശോധന.
പദ്ധതിയുടെ മുഖ്യ സൂത്രധാരനെന്ന് സംശയിക്കുന്ന ഒരു പൗരൻ ഉൾപ്പെടെ ഒമ്പത് പേരെ ഇവിടെ നിന്ന് അറസ്റ്റ് ചെയ്തു. ഡീസൽ നിറച്ച 33 കണ്ടെയ്നറുകളും കണ്ടെത്തി. വിദേശത്തേക്ക് വൻതോതിൽ പണം കൈമാറിയതിന്റെ ബില്ലുകളും കണ്ടെത്തി.
ആക്ടിങ് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഉൗദ് അസ്സബാഹിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു പരിശോധന. പൊതുസുരക്ഷാ കാര്യങ്ങളുടെ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ഹമീദ് അൽ ദവാസും പരിശോധനയിൽ പങ്കെടുത്തു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അബ്ദലി കാർഷിക മേഖലയിലെ ഫാമിലെ കേന്ദ്രത്തിൽ പരിശോധന. രാജ്യത്തിന് പുറത്തേക്ക് കടത്തുന്നതിനായി ഇവിടെ ഡീസൽ അനധികൃതമായി സംഭരിച്ചിരുന്നതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ നുവൈസീബ് കര അതിർത്തിയിൽ വെച്ചാണ് ഫാം ഉടമയെ കസ്റ്റഡിയിലെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട് നിയമനടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

