ഭിന്നശേഷിക്കാർ സമൂഹത്തിൽ പ്രധാന പങ്കുവഹിക്കുന്നു -കുവൈത്ത് മന്ത്രി
text_fieldsകുവൈത്ത് സിറ്റി: ഭിന്നശേഷിക്കാർ സമൂഹത്തിൽ പ്രധാന പങ്കുവഹിക്കുന്നതായി സാമൂഹികകാര്യ-വനിതാ ശിശുക്ഷേമ മന്ത്രി മായി അൽ ബാഗി പറഞ്ഞു. പ്രത്യേക പരിഗണന അർഹിക്കുന്നവർക്ക് മെച്ചപ്പെട്ട ജീവിതം നൽകുന്നതിനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള പരിപാടികൾ രാജ്യം തുടർച്ചയായി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
വൈകല്യമുള്ളവരുടെ അവകാശങ്ങൾ സംബന്ധിച്ച നിയമത്തിലെ ആർട്ടിക്കിൾ സജീവമാക്കേണ്ടതിന്റെ ആവശ്യകതയും വികലാംഗകാര്യങ്ങൾക്കായുള്ള സുപ്രീം കൗൺസിൽ മേധാവി കൂടിയായ മന്ത്രി ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തിന്റെ ഭാഗമായി 'ഞാൻ കഴിവുള്ളവനാണ്' എന്ന പേരിൽ നടത്തിയ പരിപാടിയിൽ പങ്കെടുത്തതിന് പിറകെയാണ് മന്ത്രിയുടെ പരാമർശങ്ങൾ.
പബ്ലിക് അതോറിറ്റി ഫോർ ഡിസെബിലിറ്റി അഫയേഴ്സാണ് അവന്യൂസ് മാളിന്റെ സഹകരണത്തോടെ പരിപാടി സംഘടിപ്പിച്ചത്. ഭിന്നശേഷിക്കാർ നിർമിച്ച വിവിധ ഉൽപന്നങ്ങളുടെ പ്രദർശനവും വിൽപനയും ഉണ്ടായി.
ഭിന്നശേഷിക്കാർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ഇത്തരം പരിപാടികളും സമ്മേളനങ്ങളും പ്രധാന പങ്കുവഹിക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോർ ഡിസെബിലിറ്റി അഫയേഴ്സ് അതോറിറ്റി ആക്ടിങ് ഡയറക്ടർ ജനറൽ ഹനാദി അൽ മുബൈലിഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

