അൻപവർക്ക് ആഹ്ളാദം; അളകൻ മാരിയപ്പൻ ജീവിച്ചിരിപ്പുണ്ട്
text_fieldsകുവൈത്ത് സിറ്റി: മരിച്ചു ജീവിക്കുക എന്ന ചൊല്ല് അക്ഷരാർഥത്തിൽ പുലർന്നിരിക്കുകയാണ് തമിഴ്നാട് സ്വദേശി അളകൻ മാരിയപ്പെൻറ (60) ജീവിതത്തിൽ. ദീർഘനാളായി ഇദ്ദേഹത്തെ സംബന്ധിച്ച് ഒരു വിവരവും ഇല്ലായിരുന്നു. ഉറ്റവരും സന്നദ്ധ സംഘടനകളും എല്ലാ അന്വേഷണവും നടത്തി. കോവിഡ് ബാധിച്ച് സ്പോൺസർ ഫർവാനിയ ആശുപത്രിയിൽ എത്തിച്ചതാണ് അളകൻ മാരിയപ്പനെ. പിന്നീട് ഗുരുതരാവസ്ഥയിലായി ജാബിർ ആശുപത്രിയിലേക്ക് മാറ്റി. അളകെൻറ കൈവശം ഫോൺ ഉണ്ടായിരുന്നില്ല. അന്വേഷിച്ച സ്പോൺസർക്കും വിവരമൊന്നും ലഭിച്ചില്ല. ഒരു വിവരവും ലഭിക്കാതെ ഒടുവിൽ കുവൈത്തിലെ ശ്മശാനത്തിൽ അടക്കം ചെയ്തിട്ടുണ്ടാവാം എന്ന നിഗമനത്തിലും എത്തി. കോവിഡ് കാലത്ത് അങ്ങനെ പല വാർത്തകളും നമ്മൾ കണ്ടിട്ടുണ്ടല്ലോ.
കോവിഡ് പ്രോേട്ടാകോൾ അനുസരിച്ച് മൃതദേഹം അധികം വെച്ചുതാമസിക്കാതെ മറവുചെയ്യുകയാണ് പതിവ്. ബന്ധുക്കളെ വിവരം അറിയിക്കാൻ വഴിയില്ലാതെ കുവൈത്തിലും അങ്ങനെ അടക്കം ചെയ്തിട്ടുണ്ട്. ആത്മാവിനെങ്കിലും ശാന്തി ലഭിക്കെട്ട എന്ന് കരുതി ബന്ധുക്കൾ നാട്ടിൽ അന്ത്യകർമ്മങ്ങൾ നടത്തി. കണ്ണീരോർമ്മയിൽ ഉടയവർ മനമുരുകി കഴിയുേമ്പാളാണ് കഥയിലെ വഴിത്തിരിവ് സംഭവിക്കുന്നത്.
കുവൈത്തിലെ ശൈഖ് ജാബിർ ആശുപത്രിയിൽ സ്റ്റാഫ് നഴ്സായ കൊല്ലം സ്വദേശി ഇമ്മാനുവൽ ഒരു ദിവസം കെ.എം.സി.സി പാലക്കാട് ജില്ലാ ട്രഷറർ അബ്ദുറസാഖ് കുമരനെല്ലൂരിനെ വിളിക്കുന്നു. രണ്ടുമാസമായി ചികിത്സയിൽ കഴിയുന്ന തമിഴ്നാട് സ്വദേശി ഇപ്പോൾ ഒരുവിധം ഭേദപ്പെട്ട നിലയിലുണ്ട്. ഇദ്ദേഹത്തിെൻറ ബന്ധുക്കളോ പരിചയക്കാരോ ആയി ആരും ഇല്ല. ഒന്ന് അന്വേഷിക്കാമോ എന്ന് ചോദിച്ചു.
അബ്ദുറസാഖ് കുവൈത്തിലെ തമിഴ്നാട് സ്വദേശികളുടെ കൂട്ടായ്മയായ ‘വിടുതലൈ ചിരുത്തായ്കൾ കച്ചി’യുടെ പ്രവാസി വിഭാഗമായ തായ്മൺ കൾച്ചറൽ അസോസിയേഷൻ കുവൈത്ത് ഭാരവാഹികളെ ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറി. സിവിൽ െഎഡിയും ഫോേട്ടായും കണ്ട അവർ ശരിക്കും ഞെട്ടി. രണ്ടുമാസമായി തങ്ങൾ അന്വേഷിച്ചുകൊണ്ടിരിക്കുന്ന അളകൻ മാരിയപ്പൻ. അൻപവർ അന്ത്യകർമ്മങ്ങൾ ചെയ്തുകഴിഞ്ഞ അതേ അളകൻ.
വിവരം ഉടൻ നാട്ടിൽ അറിയിച്ചു. അവിടെ ആഹ്ലാദം അലതല്ലി. അവരെല്ലാവരും മനസ്സിൽ മന്ത്രിച്ചു. ‘ഇമ്മാനുവൽ, ദൈവം നിങ്ങളോട് കൂടെയുണ്ട്’. കുവൈത്തിലെ വിവിധ ആശുപത്രികളിൽ ഇങ്ങനെ അനാഥമായി കിടക്കുന്നവരുടെ വിവരങ്ങൾ പലപ്പോഴും മലയാളി നഴ്സുമാരിലൂടെയാണ് പുറത്തറിയാറുള്ളത്. ഇത്തവണ ഇമ്മാനുവലിെൻറ നിയോഗം. ഇപ്പോൾ രോഗമുക്തി നേടി ആശുപത്രിവിട്ട അളകൻ തിരിച്ചെത്തുന്നതും കാത്തിരിക്കുകയാണ് ബന്ധുക്കളും നാട്ടുകാരും. ശിവഗംഗ ജില്ലയിലെ കരൈകുടി സ്വദേശിയാണ് അളകൻ.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
