മീഡിയവൺ വിധി സ്വാഗതം ചെയ്ത് പ്രവാസ ലോകം
text_fieldsകുവൈത്ത് സിറ്റി: ഭരണകൂട വിലക്കിനെ മറികടന്ന് മാധ്യമ സ്വാതന്ത്ര്യം പൊരുതി നേടിയ മാധ്യമമായി ‘മീഡിയവൺ’ ഇന്ത്യൻ ചരിത്രത്തിൽ അടയാളപ്പെടുത്തുമ്പോൾ വിധിയെ സ്വാഗതം ചെയ്തും ആഹ്ലാദം പങ്കുവെച്ചും പ്രവാസ ലോകവും. ജനാധിപത്യവും മൗലികാവകാശങ്ങളും മാധ്യമസ്വാതന്ത്ര്യവും ഭീഷണിയിലായ വർത്തമാനകാല ഇന്ത്യൻ സാഹചര്യത്തിൽ മീഡിയവണ്ണിന്റെ പ്രവർത്തന സ്വാതന്ത്ര്യം സംരക്ഷിച്ചുകൊണ്ടുള്ള പരമോന്നത നീതിപീഠത്തിന്റെ വിധി ജനാധിപത്യ വിശ്വാസികളിൽ സൃഷ്ടിക്കുന്ന ആഹ്ലാദം ചെറുതല്ല. പൗരന്റെ എക്കാലത്തെയും പ്രതീക്ഷയായ നീതിപീഠത്തിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്നതും, ഇനിയും പ്രതീക്ഷകൾ ബാക്കിയുണ്ട് എന്നതിന്റെ സൂചകമായും വിധിയെ വിലയിരുത്തുന്നവർ ഏറെയാണ്.
നീതിയുടെ പോരാട്ട വിജയം
മീഡിയവണ്‍ ചാനലിന് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംപ്രേഷണ വിലക്ക് നീക്കിയ സുപ്രീംകോടതി വിധി നീതിയുടെ പോരാട്ട വിജയമാണെന്ന് മാധ്യമം-മീഡിയവൺ കുവൈത്ത് എക്സിക്യൂട്ടിവ് കമ്മിറ്റി വ്യക്തമാക്കി. മീഡിയവണിനും നിയമപോരാട്ടങ്ങൾക്കും പിന്തുണ നല്കിയ എല്ലാ ജനാധിപത്യ വിശ്വാസികളോടും നന്ദി പറയുന്നതായും, ഇതിനായി പ്രവര്‍ത്തിച്ചവരെ അഭിനന്ദിക്കുന്നതായും ഭാരവാഹികൾ പ്രസ്താവനയിൽ പറഞ്ഞു.
രാജ്യത്തിന്റെ യശസ്സ് ഉയർത്തിപ്പിടിച്ച ചരിത്രവിധി
ഭരണഘടന ഉദ്ഘോഷിക്കുന്ന ജനാധിപത്യ മൂല്യങ്ങളെയും മാധ്യമസ്വാതന്ത്ര്യത്തെയും അടിവരയിട്ട് രാജ്യത്തിന്റെ യശസ്സ് ഉയർത്തിപ്പിടിച്ച ചരിത്ര വിധിയാണ് മീഡിയവൺ വിലക്ക് നീക്കി പരമോന്നത നീതിപീഠത്തിൽനിന്ന് ഉണ്ടായിരിക്കുന്നതെന്ന് കെ.ഐ.ജി കേന്ദ്ര കമ്മിറ്റി അഭിപ്രായപ്പെട്ടു.
മാധ്യമസ്വാതന്ത്ര്യത്തിന്റെ വിജയം
ആത്മവിശ്വാസത്തോടെ നീതിക്കുവേണ്ടി നടത്തിയ നിയമപോരാട്ടത്തിൽ മീഡിയവൺ വിജയിച്ചതായി കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ (കെ.കെ.എം.എ) ചൂണ്ടിക്കാട്ടി. മീഡിയവൺ സംപ്രേഷണ വിലക്കുനീക്കി ഇന്ത്യയുടെ പരമോന്നത നീതി പീഠം നടത്തിയ വിധി പൗരസ്വാതന്ത്ര്യത്തിന്റെയും, പത്ര സ്വാതന്ത്ര്യത്തിന്റെയും ഉജ്ജ്വല വിജയം കൂടിയാണ്. വിധിയിൽ കെ.കെ.എം.എ സന്തോഷം അറിയിക്കുന്നു.
ജുഡീഷ്യറിയിലുള്ള വിശ്വാസം കൂട്ടും
മീഡിയവണിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ വിലക്ക് നീക്കിയ സുപ്രീംകോടതി വിധി ജുഡീഷ്യറിയിലുള്ള വിശ്വാസം കൂട്ടുന്നതാണെന്ന് കുവൈത്ത് കെ.എം.സി.സി വ്യക്തമാക്കി. വിധിയെ സ്വാഗതം ചെയ്യുന്നു. ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ തടയിടാനുള്ള കേന്ദ്ര സർക്കാർ നീക്കമാണ് ഉന്നത കോടതിയുടെ വിധിയിലൂടെ തകർന്നതെന്നും കെ.എം.സി.സി പ്രസിഡന്റ് ഷറഫുദ്ദീൻ കണ്ണേത്തും, ജനറൽ സെക്രട്ടറി എം.കെ. അബ്ദുറസാഖും ചൂണ്ടിക്കാട്ടി.
സ്വാതന്ത്ര്യനിഷേധത്തിനെതിരായ വിജയം
സുപ്രീം കോടതി വിധി സ്വാഗതാർഹമാണെന്ന് കുവൈത്ത് കേരള ഇസ്ലാഹി സെന്റർ അറിയിച്ചു. സുപ്രീംകോടതി വിധി മാധ്യമസ്വാതന്ത്ര്യത്തെ ശ്വാസംമുട്ടിച്ചവരുടെ മുഖത്തേറ്റ കനത്ത പ്രഹരമാണ്. കനത്ത വെല്ലുവിളികളെ അതിജീവിച്ച് നിയമ പോരാട്ടവുമായി മുന്നോട്ടുപോയ മീഡിയവൺ മാനേജ്മെന്റിനെ അഭിനന്ദിക്കുന്നു. ഈ വിജയത്തിൽ കൂടുതൽ വിനയാന്വിതരായി മുന്നേറാൻ മീഡിയവണിനു സാധിക്കട്ടെയെന്നും വ്യക്തമാക്കി.
സന്തോഷം നൽകുന്ന വിധി
സുപ്രീംകോടതി വിധി ജനാധിപത്യ വിശ്വാസികൾക്ക് ഏറെ സന്തോഷം നൽകുന്നതാണെന്ന് ഇന്ത്യൻ ഇസ്ലാഹി സെന്റർ കുവൈത്ത് ചൂണ്ടിക്കാട്ടി. മാധ്യമ സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും വെല്ലുവിളി നേരിടുന്നകാലത്ത് ആശ്വാസം നൽകുന്ന വിധിയാണ് സുപ്രീം കോടതിയിൽനിന്നുണ്ടായിരിക്കുന്നതെന്നും ഇന്ത്യൻ ഇസ്ലാഹി സെന്റർ ചൂണ്ടിക്കാട്ടി.
ഏകാധിപത്യ നിലപാടിനേറ്റ പ്രഹരം
മീഡിയവണ്‍ ചാനലിന്റെ സംപ്രേഷണ വിലക്ക് നീക്കിയ സുപ്രീംകോടതി വിധി കേന്ദ്ര സര്‍ക്കാറിന്റെയും ആർ.എസ്.എസിന്റെയും ഏകാധിപത്യ നിലപാടിനേറ്റ കനത്ത പ്രഹരമാണെന്ന് ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറിയും ഐ.എം.സി.സി ജി.സി.സി കമ്മിറ്റി രക്ഷാധികാരിയുമായ സത്താർ കുന്നിൽ വ്യക്തമാക്കി.
ഭരണഘടനാപരമായ തിരുത്ത്
സുപ്രീംകോടതി വിധി ജനാധിപത്യ അവകാശങ്ങൾ തമസ്കരിക്കാൻ ഒരുങ്ങിപ്പുറപ്പെട്ടവർക്കുള്ള ഭരണഘടനാപരമായ തിരുത്താണെന്ന് പ്രവാസി വെൽഫെയർ കുവൈത്ത് അഭിപ്രായപ്പെട്ടു. ഭാവിയിൽ വരാൻ സാധ്യതയുള്ള പൗരാവകാശ ലംഘനങ്ങൾക്ക് തടയിടാൻ ഈ വിധി സാഹചര്യം ഒരുക്കുമെന്നും ചൂണ്ടിക്കാട്ടി.
മാധ്യമസ്വാതന്ത്ര്യത്തിനുള്ള സംരക്ഷണം
മീഡിയ വണ്‍ ചാനലിന് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംപ്രേഷണ വിലക്ക് നീക്കിയ സുപ്രീംകോടതി വിധി സ്വാഗതാർഹമാണെന്ന് കേരള പ്രസ് ക്ലബ് കുവൈത്ത് അറിയിച്ചു.
വിലക്കുനീക്കിക്കൊണ്ട് കോടതി നടത്തിയ പരാമർശങ്ങൾ ജനാധിപത്യത്തിന്റെ നാലാം തൂണായി കണക്കാക്കുന്ന മാധ്യമങ്ങളുടെ സ്വതന്ത്രവും ജനാധിപത്യപരവുമായ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുമെന്നും കേരള പ്രസ് ക്ലബ് കുവൈത്ത് ഭാരവാഹികൾ പറഞ്ഞു.
ഫാഷിസ്റ്റ് തീട്ടൂരങ്ങൾക്കേറ്റ പ്രഹരം
ഫാഷിസ്റ്റ് തീട്ടൂരങ്ങൾക്കെതിരായ പ്രഹരമാണ് മീഡിയവൺ കേസിൽ സുപ്രീംകോടതിയിൽനിന്ന് വന്ന വിധിയെന്ന് യൂത്ത് ഇന്ത്യ കുവൈത്ത് വ്യക്തമാക്കി. നിരന്തര അന്യായങ്ങൾക്കും അനീതികൾക്കും ഇരയായിക്കൊണ്ടിരിക്കുന്ന ദുർബല വിഭാഗങ്ങൾക്കുള്ള വരുംകാലത്തേക്കുള്ള പ്രതീക്ഷയുടെ പൊൻകിരണമായിക്കൂടി ഈ വിധിയെ വിലയിരുത്താം.
മാധ്യമസ്വാതന്ത്ര്യത്തിന്റെ വിജയം
മീഡിയവണിന്റെ വിലക്ക് നീക്കിയ സുപ്രീംകോടതി വിധി ഇന്ത്യൻ ജനാധിപത്യത്തിന്റെയും മാധ്യമസ്വാതന്ത്ര്യത്തിന്റെയും വലിയ വിജയമാണെന്ന് ഒ.ഐ.സി.സി കുവൈത്ത് വിലയിരുത്തി.
വിധിയിൽ അതിയായ സന്തോഷം പ്രകടിപ്പിക്കുന്നതായും ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര അറിയിച്ചു.
കേന്ദ്ര കടന്നുകയറ്റങ്ങൾക്കെതിരായ വിധി
മാധ്യമസ്വാതന്ത്ര്യത്തിനും പൗരാവകാശങ്ങൾക്കുമെതിരായ കേന്ദ്ര ഭരണകൂടത്തിന്റെ കടന്നുകയറ്റങ്ങൾക്കെതിരായ വിധിയാണ് സുപ്രീംകോടതിയിൽനിന്നുണ്ടായതെന്ന് കല കുവൈത്ത് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

