വേനൽക്കാല സീസൺ വിജയകരമായി പൂർത്തിയാക്കി ഡി.ജി.സി.എ
text_fieldsപറന്നത് നാല് ദശലക്ഷത്തിലധികം പേർ
കുവൈത്ത് സിറ്റി: കോവിഡ് തകർച്ചക്കുശേഷം ഉയിർത്തെഴുന്നേറ്റ് ഡയറക്ടറേറ്റ് ജനറൽ ഫോർ സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ). ഈ സീസണിലെ വേനൽക്കാല യാത്രാപദ്ധതികൾ വളരെ വിജയകരമായിരുന്നുവെന്ന് ഡി.ജി.സി.എ പ്രഖ്യാപിച്ചു. നാല് ദശലക്ഷത്തിലധികം യാത്രക്കാർക്ക് സേവനം ഉപയോഗപ്പെടുത്തി. കോവിഡ് പ്രതിരോധ നടപടികൾ പിൻവലിച്ചതിനുശേഷം ഈ വർഷം വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായതായി ഡി.ജി.സി.എ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സാലിഹ് അൽ ഫദാഗി പറഞ്ഞു. ദുബൈ, കൈറോ, ജിദ്ദ, ഇസ്തംബുൾ എന്നിവിടങ്ങളിലേക്കാണ് കൂടുതൽ പേർ പോയത്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം കോവിഡ് മഹാമാരി കാരണം 2020ൽ അനുഭവിച്ച അസ്ഥിരതയെ ഈ സീസണിൽ വിജയകരമായി മറികടന്നതായും അദ്ദേഹം പറഞ്ഞു. യാത്രക്കാർക്കുള്ള സുരക്ഷാ ചട്ടങ്ങൾ പാലിക്കുന്നതിനും എല്ലാ യാത്രക്കാർക്കും ഗുണനിലവാരമുള്ള സേവനങ്ങൾ നൽകുന്നതിനുമുള്ള പ്രതിബദ്ധത തുടരുമെന്നും ആവർത്തിച്ചു.
ഡി.ജി.സി.എയുടെ നിലവിലുള്ളതും തുടങ്ങാനിരിക്കുന്നതുമായ എല്ലാ സേവനങ്ങളും യാത്രക്കാരുടെ സംതൃപ്തിയും ഉയർന്ന നിലവാരം പുലർത്തുന്നതുമാണെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

