ഖുർആൻ അവഹേളനം; ലോകരാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും ഇടപെടണം -കുവൈത്ത് വിദേശകാര്യ മന്ത്രി
text_fieldsവിദേശകാര്യമന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ്
കുവൈത്ത് സിറ്റി: ഡച്ച് നഗരമായ ഹേഗിൽ വലതുപക്ഷ നേതാവ് ഖുർആൻ പകർപ്പ് കീറി കത്തിച്ചതിനെ കുവൈത്ത് അപലപിച്ചു. സ്വീഡനിലെ ലജ്ജാകരമായ സംഭവത്തിന് പിറകെ പുതിയ പ്രകോപനപരമായ പ്രവൃത്തിയാണിതെന്ന് വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് പ്രസ്താവനയിൽ പറഞ്ഞു.
ഇത് ലോകമെമ്പാടുമുള്ള മുസ്‍ലിം രോഷത്തിന് ആക്കംകൂട്ടുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. അസ്വീകാര്യവും ആവർത്തിച്ചുള്ളതുമായ ഇത്തരം കുറ്റകൃത്യങ്ങൾ തടയുന്നതിന് എല്ലാ രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും തങ്ങളുടെ ശ്രമങ്ങൾ ഇരട്ടിയാക്കാനും ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനും മന്ത്രി അഭ്യർഥിച്ചു. സംഭാഷണത്തിന്റെയും സഹിഷ്ണുതയുടെയും മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടണം. അക്രമത്തിന് പ്രേരിപ്പിക്കുന്ന പ്രവർത്തനങ്ങൾക്ക് പകരം വിദ്വേഷത്തെയും തീവ്രവാദത്തെയും ചെറുക്കാൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
നെതര്‍ലന്‍ഡ്‌സിലെ ഇസ്‌ലാം വിരുദ്ധ പ്രസ്ഥാനമായ പെഗിഡയുടെ നേതാവ് എഡ്വിന്‍ വാഗന്‍സ്‌ഫെല്‍ഡാണ് ഖുര്‍ആന്റെ പകര്‍പ്പ് കീറിക്കളഞ്ഞതെന്നാണ് റിപ്പോർട്ട്. പ്രകോപനപരമായ വിഡിയോ എഡ്വിന്‍ വാഗന്‍സ്‌ഫെല്‍ഡ് തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ചിരുന്നു.
ഹേഗിലെ പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍വെച്ചായിരുന്നു സംഭവം. കഴിഞ്ഞ ശനിയാഴ്ച, സ്റ്റോക്ഹോമിലെ തുര്‍ക്കിയ എംബസിക്ക് മുന്നില്‍ സ്വീഡിഷ് തീവ്ര വലതുപക്ഷക്കാരന്‍ ഖുര്‍ആന്റെ പകര്‍പ്പ് കത്തിച്ച് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണിത്. ഈ നടപടിയെ കുവൈത്ത് ശക്തമായി അപലപിച്ചിരുന്നു.