സാമ്പത്തിക ഉപദേഷ്ടാവിനെ നിയമിക്കാൻ മന്ത്രിതല സമിതിയുടെ 35ാമത് യോഗത്തിൽ തീരുമാനം
text_fieldsപ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിതല സമിതിയുടെ യോഗം
കുവൈത്ത് സിറ്റി: രാജ്യത്തെ പ്രധാന വികസന പദ്ധതികളിൽ കൂടുതൽ അന്താരാഷ്ട്ര വൈദഗ്ധ്യം ഉൾപ്പെടുത്തുന്നു. വികസന പദ്ധതികളിൽ നിയമ, സാങ്കേതിക, പ്രത്യേക കൺസൽട്ടന്റുമാരുടെ മേൽനോട്ടം വഹിക്കാൻ ഒരു സാമ്പത്തിക ഉപദേഷ്ടാവിനെ നിയമിക്കുമെന്ന് പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അസ്സബാഹ് പറഞ്ഞു. ബയാൻ പാലസിൽ നടന്ന പ്രധാന വികസന പദ്ധതികൾ നിരീക്ഷിക്കുന്ന മന്ത്രിതല സമിതിയുടെ 35ാമത് യോഗത്തിൽ അധ്യക്ഷതവഹിക്കുകയായിരുന്നു പ്രധാനമന്ത്രി. അന്താരാഷ്ട്ര പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും നിലവിലുള്ളതും ഭാവിയിലുള്ളതുമായ സംരംഭങ്ങളിൽ ആഗോള സ്ഥാപനങ്ങളെ ഉൾപ്പെടുത്തുന്നതിനുമുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു.
കുവൈത്ത് ഇൻവെസ്റ്റ്മെന്റ് അതോറിറ്റി വഴി നിയമിക്കുന്ന സാമ്പത്തിക ഉപദേഷ്ടാവ്, ഈ പദ്ധതികളുമായി ബന്ധപ്പെട്ട നിയമ, സാങ്കേതിക, മറ്റ് പ്രത്യേക കൺസൽട്ടന്റുമാരുടെ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുകയും ഏകോപിപ്പിക്കുകയും ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അന്താരാഷ്ട്ര കമ്പനികളുടെ പ്രാദേശിക ഓഫിസുകൾക്ക് സൗകര്യം ഒരുക്കാൻ സർക്കാർ തയാറാണ്. നിരവധി പ്രമുഖ സ്ഥാപനങ്ങൾക്ക് രാജ്യത്ത് സ്ഥാപിക്കുന്നതിനുള്ള ലൈസൻസുകൾ ഇതിനകം ലഭിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.
മുബാറക് അൽ കബീർ തുറമുഖം, പുനരുപയോഗ ഊർജ സംരംഭങ്ങൾ, കുറഞ്ഞ കാർബൺ മാലിന്യ പുനരുപയോഗം, ഭവന വികസനങ്ങൾ, മലിനജല അടിസ്ഥാന സൗകര്യങ്ങൾ, മരുഭൂവത്കരണം തടയുന്നതിനുള്ള പാരിസ്ഥിതിക പരിപാടികൾ എന്നിവയുൾപ്പെടെയുള്ള പ്രധാന പദ്ധതികളുടെ നിലവിലുള്ള സ്ഥിതിയും യോഗം അവലോകനം ചെയ്തതായി ഏഷ്യൻ കാര്യങ്ങളുടെ അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി സമിഹ് ജൗഹർ ഹയാത്ത് പറഞ്ഞു. കുവൈത്തും വിവിധ രാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ച കരാറുകളെയും ധാരണപത്രങ്ങളെയും കുറിച്ചും വിലയിരുത്തി.
പ്രധാനമന്ത്രിയുടെ ദിവാൻ മേധാവി അബ്ദുൽ അസീസ് ദാഖിൽ അൽ ദാഖിൽ, പ്രതിരോധ മന്ത്രി ശൈഖ് അബ്ദുല്ല അലി അൽ സാലിം അസ്സബാഹ്, പൊതുമരാമത്ത് മന്ത്രി ഡോ.നൂറ അൽ മഷാൻ, മുനിസിപ്പാലിറ്റി, ഭവനകാര്യ സഹമന്ത്രി അബ്ദുല്ലത്തീഫ് അൽ മെഷാരി, കുവൈത്ത് ഡയറക്ട് ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ അതോറിറ്റി ഡയറക്ടർ ജനറൽ ശൈഖ് ഡോ. മിശ്അൽ ജാബിർ അൽ അഹ്മദ് അസ്സബാഹ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

