മരണം രസങ്ങളുടെ അന്തകൻ
text_fieldsജനനത്തേക്കാൾ വലിയ സത്യമാണ് മരണം. മനുഷ്യജീവിതത്തിലെ ഒഴിവാക്കാനാവാത്ത യാഥാർഥ്യം. ഏത് ശക്തനും സമ്പന്നനും വിജ്ഞനും മരണത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ല. ‘ഓരോ ജീവനും മരണത്തിന്റെ രുചി അനുഭവിക്കുന്നതാണ്’ എന്ന് ഖുർആൻ പറയുന്നു. ചുറ്റുപാടും സംഭവിക്കുന്ന മരണങ്ങളും ഓരോ നിമിഷത്തിലും കുറഞ്ഞ് കൊണ്ടിരിക്കുന്ന മനുഷ്യായുസ്സും മരണമെന്ന സത്യത്തെ ഓർമ്മപ്പെടുത്തുന്നു. ജീവിതത്തിലെ എല്ലാ രസങ്ങളെയും മുന്നറിയിപ്പില്ലാതെ അവസാനിപ്പിച്ച് കളയുന്ന, വിളിക്കാതെ വിരുന്നെത്തുന്ന അതിഥിയാണ് മരണം.
മരണസ്മരണ മനസ്സിൽ ഉണ്ടായിരിക്കണമെന്ന് ഖുർആൻ ധാരാളം വചനങ്ങളിലൂടെ ഓർമ്മപ്പെടുത്തുന്നുണ്ട്. മനുഷ്യനെ നിരാശയിലേക്ക് നയിക്കാനല്ല; മറിച്ച് ജീവിതത്തിന്റെ നശ്വരതയെ ബോധ്യപ്പെടുത്താനും, മരണം വരുന്നതിന് മുമ്പ് ഭൂമിയിൽ തന്റെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കാനുള്ള പ്രേരണയുമാണത്. മരണാനന്തര ജീവിതത്തെ കുറിച്ച് ഖുർആൻ സവിസ്തരം വിശദീകരിക്കുന്നു. അതാണ് അനശ്വരമായ യഥാർത്ഥ ജീവിതമെന്നും ഖുർആൻ ആണയിടുന്നു. ഇഹലോക ജീവിതം താൽക്കാലികമാണെന്നും പരലോക ജീവിതത്തിൽ തന്റെ കർമ്മങ്ങളുടെ പ്രതിഫലം അനുഭവിക്കേണ്ടി വരുമെന്നും ഉള്ള ബോധ്യം മനുഷ്യനെ തന്റെ സമയം, കഴിവ്, അവസരങ്ങൾ എല്ലാം നല്ല കാര്യങ്ങൾക്കായി വിനിയോഗിക്കാൻ പ്രേരിപ്പിക്കുന്നു. മരണസ്മരണ തെറ്റുകൾ തിരുത്തുന്ന, നന്മയിലേക്ക് നയിക്കുന്ന ഉപദേശകനായി വർത്തിക്കുന്നു.
ഇസ്‌ലാമിക വിശ്വാസ പ്രമാണങ്ങളിൽ അഞ്ചാമത്തേതാണ് പരലോക വിശ്വാസം. മരണവും അതിന് ശേഷമുള്ള ജീവിതവും രക്ഷാ ശിക്ഷകളുമാണ് അതിലെ ഇതിവൃത്തം. പഞ്ചേന്ദ്രിയങ്ങൾക്കപ്പുറമുള്ള യാഥാർഥ്യങ്ങളിൽ വിശ്വസിക്കാൻ കഴിയുന്നവർക്ക് ഇതിൽ സംശയങ്ങൾ ഉണ്ടാവില്ല എന്നതാണ് ഈ വിഷയത്തിലെ ഏറ്റവും ശക്തമായ ഖുർആനിക വിവരണം.
മരണാനന്തരമുള്ള ജീവിതത്തിലെ വിചാരണയും സൽകർമ്മങ്ങൾക്ക് ഉത്തമമായ പ്രതിഫലങ്ങളും ദുഷ്കർമ്മങ്ങൾക്ക് നീതിയുക്തമായ ശിക്ഷകളും എല്ലാം ദൈവിക നീതിയുടെ തേട്ടങ്ങളാണ്. നീതിയുടെയും അളക്കാനാവാത്ത സുഖങ്ങളുടെയും ഇടമാണ് മരണാനന്തര ജീവിതം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

