സൈബർ കുറ്റകൃത്യങ്ങളിൽ കുറവില്ല; കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തത് 3000, കഴിഞ്ഞ മാസം 164
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് സൈബർ കുറ്റകൃത്യങ്ങളിൽ കുറവില്ല. കഴിഞ്ഞ വർഷം രാജ്യത്ത് റിപ്പോർട്ട് ചെയ്തത് ഏകദേശം 3000 സൈബർ കുറ്റകൃത്യങ്ങളാണ്. കഴിഞ്ഞ മാസം 164 കുറ്റകൃത്യങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം സൈബർ കുറ്റകൃത്യവകുപ്പിന്റെ സഹായ സേവന വിഭാഗം ആക്ടിങ് മേധാവി ലഫ്റ്റനന്റ് കേണൽ അമ്മാർ അൽ സറാഫ് പറഞ്ഞു. തട്ടിപ്പുകൾക്കെതിരെ ജാഗ്രത പുലർത്തണമെന്നും ഫോണിലോ മറ്റേതെങ്കിലും ഉപകരണങ്ങളിലോ ഇന്റർനെറ്റ് ആക്സസുള്ള ആരെയും ഇത്തരക്കാർ ലക്ഷ്യമിടാമെന്നും അദ്ദേഹം ഉണർത്തി.
സൈബർ തട്ടിപ്പുകളിൽനിന്ന് പൊതുജനങ്ങളെ സംരക്ഷിക്കുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ സൈബർ കുറ്റകൃത്യ വകുപ്പ് ശ്രമം തുടരുന്നുണ്ട്. സൈബർ തട്ടിപ്പുസംഘം പല രീതികളും പ്രയോഗിക്കുമെന്നും ഇവക്കെതിരെ ജാഗ്രത പുലർത്തേണ്ടത് അത്യാവശ്യമാണെന്നും സൂചിപ്പിച്ചു.
വ്യാജ സന്ദേശങ്ങൾ
ഔദ്യോഗിക സ്ഥാപനങ്ങളുടെയും ബാങ്കുകളെയും പേരിൽ വ്യാജ ടെക്സ്റ്റ് സന്ദേശങ്ങൾ അയക്കലാണ് തട്ടിപ്പുകളുടെ ഒരു രീതി. ഈ സന്ദേശം കണ്ട് പരിഭ്രാന്തരാകുന്നവർ കൂടെയുള്ള ലിങ്കുവഴി വിവരങ്ങളും പണവും കൈമാറും. പണം നഷ്ടപ്പെടുമ്പോഴാകും വഞ്ചിക്കപ്പെട്ടതായി മനസ്സിലാകുക. ആളുകളെ കെണിയിൽപെടുത്താൻ തട്ടിപ്പുകാർ നൂതന സാങ്കേതികവിദ്യകളും വ്യത്യസ്ത രീതികളും ഉപയോഗിക്കുന്നുണ്ട്. നിയമാനുസൃതമെന്ന് തോന്നിക്കുന്ന തരത്തിൽ സർക്കാർ, ഔദ്യോഗിക കമ്പനികൾ എന്ന തരത്തിലാകും ലിങ്കുകൾ അയക്കുക.
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ
സമൂഹ മാധ്യമങ്ങളിൽ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയുള്ള തട്ടിപ്പും വ്യാപകമാണ്. കുവൈത്ത് ടെലഫോൺ നമ്പറാകും ഇതിൽ ഉപയോഗിക്കുക. അടുത്തിടെ സോഷ്യൽ മീഡിയയിൽ ഷാലെകൾ വാടകക്ക് കൊടുക്കുന്നതിനുള്ള പരസ്യങ്ങൾ നൽകി വലിയ തട്ടിപ്പ് നടന്നിരുന്നു.
പ്രമുഖ കമ്പനികളുടെ വ്യാജപതിപ്പുമായി സോഷ്യൽ മീഡിയയിൽ ഓൺലൈൻ തട്ടിപ്പുകാരും സജീവമാണ്. കുറഞ്ഞ വിലക്ക് ഉൽപന്നങ്ങൾ വിൽക്കുന്ന പരസ്യങ്ങളുമായാണ് ഇത്തരക്കാരുടെ തട്ടിപ്പ്. പ്രശസ്ത ബ്രാൻഡുകളെ അനുകരിക്കുന്ന അക്കൗണ്ടുകൾ സൃഷ്ടിച്ചാണ് മറ്റൊരു തട്ടിപ്പ്. നിരവധി പേരാണ് ഈ തട്ടിപ്പിൽ അകപ്പെടുന്നത്. അക്കൗണ്ട് വ്യാജമാണോ അല്ലയോ എന്ന് തിരിച്ചറിയാതെ പലരും ഇവരുടെ വലയിൽ വീഴുന്നു.
2300 തട്ടിപ്പ് സൈറ്റുകൾ അടച്ചുപൂട്ടി
രാജ്യത്ത് സൈബർ തട്ടിപ്പുകൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. അമാൻ (സുരക്ഷ) വെർച്വൽ റൂം സൈബർ കുറ്റകൃത്യങ്ങൾ നിരീക്ഷിക്കുന്നതിലും തടയുന്നതിലും പ്രധാന പങ്കുവഹിക്കുന്നു. കഴിഞ്ഞ ഡിസംബറിൽ ഏകദേശം 2540 സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ പൗരന്മാരുടെയും പ്രവാസികളുടെയും ഏകദേശം നാല് ദശലക്ഷം ദീനാർ സംരക്ഷിക്കപ്പെട്ടു. 2025 ജനുവരി മുതൽ മേയ് വരെ ഏകദേശം ഒരു ദശലക്ഷം ദീനാർ സംരക്ഷിക്കാനും ‘അമാൻ’ ഇടപെട്ടു.
സംശയാസ്പദമായ വെബ്സൈറ്റുകൾ അടച്ചുപൂട്ടുന്നതിനും വ്യാജനമ്പറുകൾ കണ്ടെത്തുന്നതിനുമായി രാജ്യത്ത് സ്ഥിരം ഡിജിറ്റൽ ഏകോപന ടീം പ്രവർത്തിക്കുന്നുണ്ട്. ഇതിനകം 2300 തട്ടിപ്പ് സൈറ്റുകൾ അടച്ചുപൂട്ടാനും 2200 വ്യാജ വാടസ്ആപ് നമ്പറുകൾ റദ്ദാക്കാനും ഇതുവഴി കഴിഞ്ഞു
തട്ടിപ്പ് വാട്സ്ആപ് നമ്പറിൽ അറിയിക്കാം
സൈബർ തട്ടിപ്പുകാരെ കർശനമായി നേരിടും. സൈബർ കുറ്റകൃത്യങ്ങൾ 97283939 എന്ന ഔദ്യോഗിക വാടസ്ആപ് നമ്പറിൽ അറിയിക്കാം. കുവൈത്ത് അതിർത്തിക്കുള്ളിൽ പിടിക്കപ്പെടുന്നവരെ രാജ്യത്തെ നിയമം അനുസരിച്ചാണ് കൈകാര്യം ചെയ്യുന്നത്. വിദേശത്തുള്ള പ്രതികൾക്കായി ഇന്റർപോൾ സഹകരണം തേടും. കുറ്റകൃത്യങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലും പ്രത്യേക പരിപാടികൾ നടത്തിവരുന്നു.
വെബ്സൈറ്റുകളുടെയും അക്കൗണ്ടുകളുടെയും ആധികാരികത ഉറപ്പുവരുത്തുകയാണ് തട്ടിപ്പിൽനിന്ന് രക്ഷപ്പെടാനുള്ള പ്രധാന വഴി. അറിയാത്ത അക്കൗണ്ടുകളിലേക്ക് പണം കൈമാറുകയോ ലിങ്കുകൾക്ക് പ്രതികരിക്കുകയോ ചെയ്യരുത്. കുവൈത്തിലെ നിയമാനുസൃത വെബ്സൈറ്റുകൾ com.kw. എന്ന വരിയിലാണ് അവസാനിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

