കുവൈത്തിലെ സൈബർ തട്ടിപ്പുകൾ; ഷെയറിങ് ആപ്ലിക്കേഷനുകൾ അപകടകാരി
text_fieldsകുവൈത്ത് സിറ്റി: നെറ്റ് ബാങ്കിങ് ആപ്പുകളുള്ള ഫോണുകളിലേക്ക് മറ്റ് ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ പ്രത്യേക ശ്രദ്ധവേണം. നിസ്സാരമെന്ന് കരുതുന്ന ചില ആപ്പുകൾ വലിയ നഷ്ടം വരുത്തിയേക്കും. ഓൺലൈൻ തട്ടിപ്പുകൾ വ്യാപകമായതിനാൽ ഒരു ക്ലിക്ക് പണം മൊത്തം നഷ്ടപ്പെടുത്തിയേക്കാം.
രാജ്യത്ത് സൈബർ കുറ്റകൃത്യങ്ങളിൽ സ്ക്രീൻ ഷെയറിങ് ആപ്ലിക്കേഷൻ വഴിയുള്ള തട്ടിപ്പുകളും സജീവമാണ്. പ്രധാന സ്ക്രീൻ ഷെയറിങ് ആപ്ലിക്കേഷനായ എനി ഡെസ്കാണ് വിവരങ്ങൾ ചോർത്താൻ തട്ടിപ്പ് സംഘം ഉപയോഗപ്പെടുത്തുന്നത്. എനി ഡെസ്കുവഴി ഫോണിലേക്കും കമ്പ്യൂട്ടറുകളിലേക്കും നുഴഞ്ഞുകയറി വിവരങ്ങൾ ചോർത്തുകയും പണം തട്ടുകയുമാണ് രീതി.
കുവൈത്തിൽ അടുത്തിടെയായി ഇത്തരത്തിലുള്ള 300 പരാതികൾ ലഭിച്ചതായി പബ്ലിക്ക് പ്രോസിക്യൂഷൻ അറിയിച്ചു. എനി ഡെസ്ക് ഡൗൺലോഡ് ചെയ്യുന്നതിനെതിരെ മുന്നറിയിപ്പും നൽകിയതായി പ്രധാന വാർത്ത വിതരണ അക്കൗണ്ടായ മജ്ലിസ് ട്വിറ്ററിൽ സൂചിപ്പിച്ചു.
വിവിധ ആവശ്യങ്ങൾ അറിയിച്ച് ഫോണിലേക്ക് വിളിക്കുകയാണ് തട്ടിപ്പുകാരുടെ ആദ്യശ്രമം. ഔദ്യോഗിക ഇടങ്ങളിൽനിന്ന് എന്ന രൂപത്തിലാകും വിളികൾ. ബാങ്ക് അകൗണ്ട് അപ്ഡേഷൻ, ഐ.ഡി കാർഡ്, വിവരങ്ങളുടെ അപ്ഡേഷൻ എന്നിവയുടെ കാര്യം വിശ്വാസ്യത തോന്നുന്നരീതിയിൽ അവതരിപ്പിക്കും.
തുടർന്ന് എനി ഡെസ്ക് ആപ് ഡൗൺലോഡ് ചെയ്യാനും വിവരങ്ങൾ കൈമാറാനും പറയും. ഇവ കൈമാറുന്നതോടെ, ഫോൺ നിയന്ത്രണം വിളിക്കുന്ന ആളുടെ കൈകളിലെത്തും. ഫോണിൽനിന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോർത്തിയും നെറ്റ് ബാങ്കിങ് ആപ് പ്രവർത്തിപ്പിച്ചും പണം തട്ടാൻ ഇതുവഴി മറ്റുള്ളവർക്കാകും.
കേരളത്തിൽ ഇത്തരം തട്ടിപ്പ് വ്യാപകമായതോടെ നെറ്റ്ബാങ്കിങ് ഉപയോഗിക്കുന്നവരുടെ ഫോണിൽ എനി ഡെസ്ക് ആപ്പുണ്ടെങ്കിൽ അൺ ഇൻസ്റ്റാൾ ചെയ്യണമെന്ന് എസ്.ബി.ഐ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
കേരള പൊലീസും സ്ക്രീൻ ഷെയറിങ് ആപ്ലിക്കേഷനുകൾക്കെതിരെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിദേശത്തിരുന്നും നാട്ടിലെ അക്കൗണ്ടുകൾ നിയന്ത്രിക്കുന്നവർ ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകണം.
സൈബർ കുറ്റകൃത്യങ്ങളിൽ ഈ വർഷം കുവൈത്തിൽ ലഭിച്ചത് 4,000 ഓളം പരാതികളാണെന്ന് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
എനി ഡെസ്ക് ആപ്
മൊബൈൽ ഫോൺ, ലാപ്ടോപ്, കമ്പ്യൂട്ടർ എന്നിവ ദൂരെ നിന്നും ഉടമയറിയാതെ നിയന്ത്രിക്കാൻ കഴിയുന്ന സോഫ്റ്റ്വെയറാണിത്. ഇത് ഡൗൺലോഡ് ചെയ്തശേഷം ലഭിക്കുന്ന കോഡ് നമ്പർ ഉപയോഗിച്ച് ഉപകരണത്തിലെ എല്ലാ പ്രോഗ്രാമും നാമറിയാതെ മറ്റുള്ളവർക്കു പ്രവർത്തിപ്പിക്കാം.
ക്വിക് സപ്പോർട്ട്, ടീം വ്യൂവർ, മിങ്കിൾ വ്യൂ തുടങ്ങിയ ആപ്ലിക്കേഷനുകളും അപകടകാരികളാണ്. സ്ക്രീൻലീപ്, ക്രോം റിമോട്ട് ഡെസ്ക്ടോപ്, ഗോറ്റു മീറ്റിങ്, യൂസ് ടുഗദെർ, സിസ്കോ വെബ്എക്സ് എന്നിവയും ദൂരങ്ങളിലിരുന്ന് ഫോണും കമ്പ്യൂട്ടറും നിയന്ത്രിക്കാവുന്ന ആപ്ലിക്കേഷനുകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

