സൈബർ തട്ടിപ്പ്; ജാഗ്രത വേണം
text_fieldsകുവൈത്ത് സിറ്റി: ഓൺലൈൻ ഇടപാടുകൾ നടത്തുന്നവരും ബാങ്ക് അകൗണ്ട് ഉടമകളും ശ്രദ്ധിക്കുക. സൈബർ തട്ടിപ്പുകാർ പല രീതികളിലും വരാം. കഴിഞ്ഞ ദിവസം കുവൈത്ത് സ്ത്രീക്ക് നഷ്ടപ്പെട്ടത് 2,000 ദീനാർ. തന്റെ അറിവോ അനുവാദമോ കൂടാതെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പിൻവലിച്ചതിനെത്തുടർന്ന് ഇവർ ബാങ്കിംഗ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന പ്രോസിക്യൂഷൻ വിഭാഗത്തിൽ പരാതി നൽകി.
അനുവാദമില്ലാതെ പണം പിൻവലിച്ചത് ശ്രദ്ധയിൽപ്പെട്ടപ്പോൾ താൻ അമ്പരന്നുപോയെന്നും ഉടൻ തന്നെ അധികൃതരെ വിവരം അറിയിച്ചുവെന്നും സ്ത്രീ വ്യക്തമാക്കി. തുടർന്ന്, ഈ ഇടപാട് എങ്ങനെ നടന്നു എന്നും ഇതിന് ഉത്തരവാദികൾ ആരെന്നും കണ്ടെത്തുന്നതിനായി പരാതി നൽകുകയായിരുന്നു.
ബാങ്കിംഗ് ഇടപാടുകളുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്ന പ്രോസിക്യൂഷൻ വിഭാഗം, അന്വേഷണത്തിനായി ഈ കേസ് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. പണം പിൻവലിച്ചത് എങ്ങനെയെന്നും, ബാങ്കിംഗ് വിവരങ്ങളുടെ അനധികൃത ഉപയോഗം, മറ്റ് നിയമവിരുദ്ധ മാർഗ്ഗങ്ങൾ, ഹാക്കിംഗ് സാധ്യത എന്നിവ ഉൾപ്പെട്ടിട്ടുണ്ടോ എന്നും ഉദ്യോഗസ്ഥർ പരിശോധിക്കും.
പരസ്യങ്ങളും ശ്രദ്ധിക്കണം
സമൂഹമാധ്യമങ്ങളിലെ പരസ്യങ്ങളും തട്ടിപ്പിലേക്ക് നയിച്ചേക്കാം. ഇത്തരത്തിൽ ഉള്ളവ ക്ലിക്ക് ചെയ്യുമ്പോൾ ഉപയോക്താക്കൾ ഫിഷിങ് വെബ്‌സൈറ്റുകളിൽ എത്തിപ്പെടുന്നു. ഔദ്യോഗിക പ്ലേ സ്റ്റോറിന് പുറത്തുനിന്ന് എ.പി.കെ ഫയലുകൾ ഡൗൺലോഡ് ചെയ്യാൻ ഈ സൈറ്റുകൾ നിർബന്ധിക്കും.
ആപ്പ് ഇൻസ്റ്റാൾ ചെയ്തുകഴിഞ്ഞാൽ ആക്‌സസിബിലിറ്റി അടക്കമുള്ള സുപ്രധാന അനുമതികൾ ആവശ്യപ്പെടുന്നു. ഇത് ലഭിച്ചാൽ തട്ടിപ്പുകാർക്ക് ഫോണിന്റെ നിയന്ത്രണം ഏറ്റെടുക്കാനാകും. ചില മാൽവെയറുകൾ ഫോണിൽ വി.പി.എൻ ഇൻസ്റ്റാൾ ചെയ്ത് ഇന്റർനെറ്റ് ട്രാഫിക് തട്ടിപ്പുകാരുടെ സർവറുകളിലേക്ക് തിരിച്ചുവിടുന്നു. ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ടുകൾ കൈക്കലാക്കി അനധികൃത പണമിടപാടുകൾ നടത്താൻ ഇതിലൂടെ സാധിക്കുന്നു.
ഇവ ശ്രദ്ധിക്കാം
ഔദ്യോഗിക പ്ലേ സ്റ്റോറിൽ നിന്ന് മാത്രം ആപ്പുകൾ
ഡൗൺലോഡ് ചെയ്യുക.
സമൂഹമാധ്യമങ്ങളിലെ ലിങ്കുകൾ വഴി എ.പി.കെ ഫയലുകൾ ഡൗൺലോഡ് ചെയ്യരുത്.
പരിചയമില്ലാത്ത ആപ്പുകൾക്ക് ആക്‌സസിബിലിറ്റി അനുമതികൾ നൽകരുത്.
ഗൂഗിൾ പ്ലേ പ്രൊട്ടക്റ്റ് ആക്ടീവ് ആയി സൂക്ഷിക്കുക.
ബാങ്ക് അക്കൗണ്ടുകളും യു.പി.ഐ ഇടപാടുകളും പതിവായി നിരീക്ഷിക്കുക.
അനധികൃത പണമിടപാട് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ബാങ്കിനെ വിവരം അറിയിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

