കുവൈത്തിനെതിരെ മൂന്നുമാസത്തിനിടെ രണ്ട് മില്യൻ സൈബർ ആക്രമണം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിനെതിരെ 2018ലെ ആദ്യ മൂന്നു മാസത്തിനിടെ മാത്രം രണ്ടു ദശലക്ഷം സൈബർ ആക്രമണമുണ്ടായതായി റിപ്പോർട്ട്. ട്രെൻഡ് മൈക്രോ കമ്പനി പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. 2,24,916 സൈബർ ആക്രമണങ്ങളാണ് പൊതുമേഖലയും സ്വകാര്യമേഖലയും ചേർത്ത് കുവൈത്തിനെതിരെ ഉണ്ടായത്.
സ്വദേശികളും വിദേശികളുമായ വ്യക്തികൾ നേരിട്ടതുകൂടി ചേർത്തുള്ള കണക്കാണിത്. സുരക്ഷിതമല്ലാത്ത 214 ലിങ്കുകൾ തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട്. വിവരങ്ങൾ ചോർത്തലും പ്രവർത്തനം തടസ്സപ്പെടുത്തലുമുണ്ടായി. അതേസമയം, തന്ത്രപരമായ സർക്കാർ വിവരങ്ങളെല്ലാം സുരക്ഷിതമാണ്. ആഭ്യന്തര മന്ത്രാലയത്തിെൻറ വെബ്സൈറ്റ് ഹാക്ക് ചെയ്യാനും ശ്രമമുണ്ടായി. മിശ്അൽ അൽ ഇൻസി എന്ന അബൂതർഹിം ആണ് ആഭ്യന്തരമന്ത്രാലയത്തിെൻറ വെബ്സൈറ്റിൽ നുഴഞ്ഞുകയാറാൻ വിഫലശ്രമം നടത്തിയത്. ‘ദേശീയ-വിമോചന ദിനം പ്രമാണിച്ച് കുവൈത്തികൾക്ക് സൗദി ആശംസകൾ അർപ്പിക്കുന്നതായും കുവൈത്തിനെ എല്ലാ പ്രയാസങ്ങളിൽനിന്നും രക്ഷിക്കട്ടെയെന്നും’ പോസ്റ്റ് ചെയ്തത് ശ്രദ്ധയിൽപെട്ടതോടെ വെബ്സൈറ്റിെൻറ പ്രവർത്തനം കുറച്ചുസമയത്തേക്ക് നിർത്തിവെക്കേണ്ടി വന്നതൊഴിച്ചാൽ പ്രശ്നങ്ങളില്ലാതെ കൈകാര്യംചെയ്യാൻ അധികൃതർക്ക് കഴിഞ്ഞു. ബാങ്കിങ് സോഫ്റ്റ്വെയറുകൾക്കെതിരെയും ആക്രമണശ്രമമുണ്ടായി. 90 കേസുകളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. സൈബർ ആക്രമണങ്ങളുടെ എണ്ണം വർധിക്കുന്നത് അധികൃതർ ഗൗരവമായാണ് കാണുന്നത്. അടുത്തിടെ രാജ്യത്ത് നിരവധി പേരുടെ വാട്സ്ആപ് അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടു.
ബ്രോഡ്കാസ്റ്റ് മെസേജുകളിലൂടെ അയക്കുന്ന അപകടകരമായ ലിങ്ക് വഴിയാണ് ഹാക്കിങ് അധികവും. വിദ്യാഭ്യാസ മന്ത്രാലയത്തിൽ ജോലി വാഗ്ദാനംചെയ്തും മത്സരങ്ങളും സമ്മാനപദ്ധതികളും വഴിയുമാണ് ആളുകളെ കെണിയിൽ പെടുത്തുന്നത്. രാജ്യത്തിന് പുറത്തുനിന്നാണ് ഹാക്കിങ് ശ്രമങ്ങൾ ഉണ്ടാവുന്നത് എന്നതിനാൽ പ്രതികളെ പിടികൂടാൻ അധികൃതർക്ക് കഴിയുന്നില്ല. പരമാവധി ജാഗ്രത പുലർത്തുന്നുണ്ടെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
