കർഫ്യൂ ലംഘനം: 21 പേർകൂടി അറസ്റ്റിൽ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ കർഫ്യൂ ലംഘിച്ചതിന് 21 പേർ കൂടി അറസ്റ്റിലായി. 16 കുവൈത്തികളും അഞ്ച് വിദേശികളുമാണ് പിടിയിലായത്. കാപിറ്റൽ ഗവർണറേറ്റിൽ രണ്ടുപേർ, ഫർവാനിയ ഗവർണറേറ്റിൽ അഞ്ചുപേർ, ജഹ്റ ഗവർണറേറ്റിൽ നാലുപേർ, മുബാറക് അൽ കബീർ ഗവർണറേറ്റിൽ മൂന്നുപേർ, അഹ്മദി ഗവർണറേറ്റിൽ ഏഴുപേർ എന്നിങ്ങനെയാണ് അറസ്റ്റിലായത്. ഹവല്ലി ഗവർണറേറ്റിൽ ആരും അറസ്റ്റിലായില്ല. കർഫ്യൂ ലംഘിക്കുന്ന വിദേശികളെ നാടുകടത്തുമെന്നും സ്വദേശികൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ വൈകീട്ട് ആറുമുതൽ പുലർച്ച അഞ്ചുവരെയാണ് രാജ്യത്ത് കർഫ്യൂ. രാത്രി എട്ടുവരെ റെസിഡൻഷ്യൽ ഏരിയകളിൽ നടക്കാൻ പ്രത്യേകാനുമതി നൽകിയിട്ടുണ്ട്. ഏപ്രിൽ എട്ടുമുതൽ കർഫ്യൂ സമയത്തിലും നടക്കാൻ അനുമതി നൽകിയ സമയത്തിലും മാറ്റമുണ്ട്.

