കുവൈത്തിൽ പെരുന്നാൾ ദിനം മുതൽ കർഫ്യൂ ഇല്ല
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ പെരുന്നാൾദിനം മുതൽ കർഫ്യൂ ഉണ്ടാകില്ല. പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിെൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗമാണ് ഭാഗിക കർഫ്യൂ പിൻവലിക്കാൻ തീരുമാനിച്ചത്. രാത്രി ഏഴുമുതൽ പുലർച്ചെ അഞ്ചുവരെയാണ് നിലവിൽ കർഫ്യൂ. അതേസമയം, പെരുന്നാൾ ദിനം മുതൽ കർഫ്യൂ അവസാനിപ്പിക്കുമെങ്കിലും വ്യാപാര നിയന്ത്രണങ്ങൾ ഉണ്ടാകും.
രാത്രി എട്ടുമുതൽ പുലർച്ചെ അഞ്ചുവരെയാണ് വ്യാപാര സ്ഥാപനങ്ങൾ അടച്ചിടേണ്ടത്. റസ്റ്റാറൻറുകൾ, കഫെകൾ, അറ്റകുറ്റപണി സേവനങ്ങൾ, ഫാർമസികൾ, ഫുഡ് മാർക്കറ്റിങ് ഒൗട്ട്ലെറ്റുകൾ, പാരലൽ മാർക്കറ്റ്, മെഡിക്കൽ ആൻഡ് സപ്ലൈസ് എന്നിവക്ക് വിലക്ക് ബാധകമല്ല. റസ്റ്റാറൻറുകളും കഫെകളും ടേക് എവേ/ഡെലിവറി സേവനങ്ങൾ തുടരണം. സ്ഥാപനത്തിൽ ഇരുന്ന് കഴിക്കുന്ന രീതി മറ്റൊരറിയിപ്പുണ്ടാകുന്നത് വരെ പാടില്ല. പെരുന്നാൾ കച്ചവടം നഷ്ടപ്പെട്ടതിെൻറയും വ്യാപാര നിയന്ത്രണങ്ങൾ ഭാഗികമായി തുടരുന്നതിെൻറയും നിരാശയുണ്ടെങ്കിലും നിയന്ത്രണങ്ങൾ നീക്കി പതിയെ സാധാരണ നിലയിലേക്ക് വരുന്നതിെൻറ ആശ്വാസമാണ് വ്യാപാരി സമൂഹം ഉൾപ്പെടെയുള്ളവർക്ക്. മാർച്ച് എട്ടുമുതൽക്കാണ് ഭാഗിക കർഫ്യൂ ആരംഭിച്ചത്.
കർഫ്യൂ നടപ്പാക്കണമെന്ന നിർദേശം നേരത്തെ തന്നെ സർക്കാറിന് മുന്നിൽ ഉണ്ടായിരുന്നെങ്കിലും വിപണിയിലെ ആഘാതവും ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും കണക്കിലെടുത്താണ് നീട്ടിവെച്ചത്. എന്നാൽ, കോവിഡ് വ്യാപനം പിടിവിടുകയും ആശുപത്രികൾ നിറഞ്ഞുവരികയും ചെയ്യുന്നതോടെ സർക്കാർ കർശന നിലപാടിലേക്ക് മാറി. വാക്സിനേഷനിൽ ശ്രദ്ധേയമായ പുരോഗതിയുണ്ടായതും പുതിയ കേസുകളും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണവും കുറഞ്ഞതും ആശ്വാസ നടപടിക്ക് അധികൃതരെ പ്രേരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

