കർഫ്യൂ ആരംഭിച്ചു; ഗതാഗതക്കുരുക്കോടെ തുടക്കം
text_fieldsകർഫ്യൂ ആരംഭിക്കുന്ന സമയത്ത് കുവൈത്തിൽ അനുഭവപ്പെട്ട
ഗതാഗതക്കുരുക്ക്
കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഭാഗിക കർഫ്യൂ ആരംഭിച്ചു. കർഫ്യൂ ആരംഭിച്ച വൈകീട്ട് അഞ്ചിന് മുമ്പുള്ള മണിക്കൂറിൽ രാജ്യ വ്യാപകമായി രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. കർഫ്യൂ സമയം ആരംഭിച്ചിട്ടും നിരത്തുകളിൽ വാഹനം ഒഴിഞ്ഞിരുന്നില്ല. ഒരേ സമയം ജോലി കഴിഞ്ഞ് എത്തുന്നവർ അപ്രതീക്ഷിതമായി കുരുക്കിൽ അകപ്പെടുകയായിരുന്നു. മറ്റു വഴിയില്ലാത്തതിനാൽ പൊലീസ് ഇവർക്കെതിരെ നടപടി സ്വീകരിച്ചില്ല. അഞ്ചരയോടെ നിരത്തുകൾ ഒഴിഞ്ഞു. വൈകീട്ട് അഞ്ചുമുതൽ പുലർച്ച അഞ്ചുവരെയാണ് കർഫ്യൂ ഏർപ്പെടുത്തിയിട്ടുള്ളത്. പൊലീസും സൈന്യവും നാഷനൽ ഗാർഡും ജനങ്ങൾ കർഫ്യൂ അനുസരിക്കുന്നുവെന്ന് ഉറപ്പാക്കാൻ പട്രോളിങ് നടത്തി. കോവിഡ് കേസുകൾ വൻതോതിൽ ഉയരുന്ന പശ്ചാത്തലത്തിലാണ് കർഫ്യൂ പ്രഖ്യാപിക്കാൻ സർക്കാർ നിർബന്ധിതരായത്. റമദാന് മുമ്പ് കർഫ്യൂ പിൻവലിച്ചേക്കുമെന്നാണ് സൂചന. മാസപ്പിറ കാണുന്നതിനനുസരിച്ച് ഏപ്രിൽ 13നോ 14നോ ആയിരിക്കും റമദാൻ ആരംഭം. കർഫ്യൂ നടപ്പാക്കണമെന്ന നിർദേശം നേരത്തെതന്നെ സർക്കാറിന് മുന്നിൽ ഉണ്ടായിരുന്നെങ്കിലും വിപണിയിലെ ആഘാതവും ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും കണക്കിലെടുത്താണ് ഇതുവരെ തൽക്കാലം കർഫ്യൂ ഏർപ്പെടുത്തേണ്ടെന്ന് തീരുമാനിച്ചത്. എന്നാൽ, കോവിഡ് വ്യാപനം പരിധി വിട്ടതോടെ കർശന നടപടിക്ക് അധികൃതർ നിർബന്ധിതരാവുകയായിരുന്നു. കോവിഡ് പ്രതിസന്ധി തുടങ്ങിയതിന് ശേഷമുള്ള കൂടിയ പ്രതിദിന കേസ് നിരക്കാണ് സമീപ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നത്. ഭാഗിക കർഫ്യൂവിൽനിന്ന് അവശ്യസേവന വിഭാഗത്തിൽ ഉൾപ്പെടുന്ന 26 വിഭാഗങ്ങളെ ഒഴിവാക്കി ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയിട്ടുണ്ട്. കർഫ്യൂ ലംഘിക്കുന്ന വിദേശികളെ നാടുകടത്തുമെന്നാണ് മുന്നറിയിപ്പ്. സ്വദേശികൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയത്തിെൻറ മുന്നറിയിപ്പുണ്ട്. 10,000 ദീനാർ വരെ പിഴ ലഭിക്കുന്ന വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തുക. കർഫ്യൂ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ നിരത്തുകളിൽ കർശന നിരീക്ഷണമുണ്ടാകും. പ്രധാന റോഡുകളിലും ഉൾഭാഗങ്ങളിലും സുരക്ഷ ഉദ്യോഗസ്ഥർ റോന്തുചുറ്റും. മെഡിക്കൽ കൺസൾട്ടേഷൻ, ആംബുലൻസിലുള്ള രോഗികൾ, രക്തദാനം, കോവിഡ് വാക്സിനേഷൻ, പി.സി.ആർ പരിശോധന എന്നീ ആവശ്യങ്ങൾക്ക് https://www.paci.gov.kw എന്ന വെബ്സൈറ്റ് വഴി അപേക്ഷിച്ച് രണ്ടുമണിക്കൂർ നേരത്തേക്ക് പുറത്തുപോകാൻ അനുമതി നേടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

