സംവാദ സംസ്‌കാരം വളർത്തിയെടുക്കണം - പി.ടി. ശരീഫ്
text_fields‘ആശയ സംവാദത്തിന്റെ സൗഹൃദ നാളുകൾ’ എന്ന തലക്കെട്ടിൽ കെ.ഐ.ജി കുവൈത്ത് സംഘടിപ്പിക്കുന്ന കാമ്പയിൻ കേന്ദ്ര പ്രസിഡന്റ് പി.ടി. ശരീഫ് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: സമൂഹത്തിൽ സൃഷ്‌ടിക്കപ്പെടുന്ന സംശയങ്ങളും തെറ്റിദ്ധാരണകളും നീക്കാൻ ആശയങ്ങളുടെ കൈമാറ്റങ്ങൾ നടക്കണമെന്നും അതിന് ആരോഗ്യകരമായ സംവാദ സംസ്‌കാരം വളർത്തിയെടുക്കണമെന്നും കേരള ഇസ്‌ലാമിക് ഗ്രൂപ് കേന്ദ്ര പ്രസിഡന്റ് പി.ടി. ശരീഫ് പറഞ്ഞു.
'ആശയ സംവാദത്തിന്റെ സൗഹൃദ നാളുകൾ' എന്ന തലക്കെട്ടിൽ കെ.ഐ.ജി കുവൈത്ത് നടത്തുന്ന കാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇസ്‌ലാമിനെ ശരിയായ രൂപത്തിൽ പ്രതിനിധാനം ചെയ്യാൻ വിശ്വാസികൾ തയാറാകണം. കാമ്പയിന്റെ ഭാഗമായി നടക്കുന്ന പരിപാടികളിൽ ഇസ്‌ലാമും മുസ്‌ലിംകളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ചക്കെടുത്ത് ജനങ്ങളുമായി ഏറ്റവും ഉത്തമമായ രൂപത്തിൽ സംവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാമ്പയിന്റെ പ്രസക്തി വിശദീകരിച്ചുകൊണ്ട് സക്കീർ ഹുസൈൻ തുവ്വൂർ സംസാരിച്ചു. ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കുന്നതിൽ സയണിസ്റ്റുകളും വംശീയ വാദികളും മുതലാളിത്ത ശക്തികളും കൈകോർത്തിരിക്കുകയാണെന്നും ഇസ്‌ലാം വിരോധം സജീവമാക്കിനിർത്തി നിക്ഷിപ്ത താൽപര്യങ്ങൾ നടപ്പിലാക്കാനുള്ള ഗൂഢശ്രമമാണ് അതിന് പിന്നിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങളെ വിലക്കെടുത്ത് തെറ്റായ ചരിത്രം രൂപപ്പെടുത്താനുള്ള ശ്രമങ്ങൾ രാജ്യത്ത് നടക്കുന്നു.ഇത്തരം വിഷയങ്ങളോട് സൗഹാർദാന്തരീക്ഷം ഉയർത്തിപ്പിടിച്ച് സംവദിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ഉണർത്തി. സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 15 വരെയാണ് കാമ്പയിൻ.
മേഖല തലങ്ങളിൽ ഫ്രണ്ട്സ് സർക്കിൾ സംഗമങ്ങൾ, ഏരിയ തലങ്ങളിൽ സൗഹൃദ സദസ്സുകൾ, യൂനിറ്റ് തലങ്ങളിൽ യൂനിറ്റ് സമ്മേളനങ്ങൾ, പ്രശ്നോത്തരി, ലഘുലേഖ വിതരണം എന്നിവ കാമ്പയിന്റെ ഭാഗമായി നടക്കും. ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കെ.ഐ.ജി ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ് അധ്യക്ഷത വഹിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ വിവിധ യൂനിറ്റുകളുടെയും ഏരിയകളുടെയും ഭാരവാഹികൾ പങ്കെടുത്തു. അബ്‌ദു റസാഖ് നദ്‌വി സമാപന പ്രസംഗം നടത്തി. സിറാജ് സ്രാമ്പിക്കൽ സ്വാഗതം പറഞ്ഞു. അബ്‌ദുൽ ബാസിത് ഖുർആൻ പാരായണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

