ക്രിപ്റ്റോ തട്ടിപ്പ് ; ബോധവത്കരണവുമായി ആഭ്യന്തര മന്ത്രാലയം
text_fieldsകുവൈത്ത് സിറ്റി: ക്രിപ്റ്റോ കറൻസികളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ആഭ്യന്തര മന്ത്രാലയം ബോധവത്കരണത്തിന്. അതോടൊപ്പം സൈബർ തട്ടിപ്പ് സംഘങ്ങളെ പിടികൂടാൻ പ്രത്യേകസംഘം രൂപവത്കരിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ക്രിപ്റ്റോ കറൻസി തട്ടിപ്പുകളുമായി ബന്ധപ്പെട്ട് രാജ്യത്തെ കോടതികളിൽ നൂറിലധികം കേസുകൾ നിലവിലുണ്ട്. പല കേസുകളിലും പ്രതികൾ രാജ്യത്തിന് പുറത്തായതിനാൽ പിടികൂടൽ എളുപ്പമല്ല. ഈ സാഹചര്യത്തിലാണ് കൂടുതൽ ആളുകൾ തട്ടിപ്പിനിരയാകാതിരിക്കാൻ ബോധവത്കരണം കൂടി ശക്തമാക്കുന്നത്.
ക്രിപ്റ്റോ കറൻസി നിക്ഷേപത്തിനെതിരെ കുവൈത്ത് സെൻട്രൽ ബാങ്ക് ഒരുപാട് മുന്നറിയിപ്പ് നൽകിയതാണ്. പെട്ടെന്ന് പണമുണ്ടാക്കാനായി വെർച്വൽ അസറ്റിൽ നിക്ഷേപിച്ചാൽ വലിയ നഷ്ടസാധ്യതയുണ്ടെന്നും പെട്ടെന്നുള്ള മൂല്യവ്യത്യാസങ്ങൾ സാധാരണക്കാർക്ക് താങ്ങാൻ കഴിയില്ലെന്നും സെൻട്രൽ ബാങ്ക് മുന്നറിയിപ്പ് നൽകി.
കുവൈത്തിൽ ഇത്തരം ഓൺലൈൻ കറൻസികൾക്ക് സൂപ്പർവൈസറി, റെഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരമോ മേൽനോട്ടമോ ഇല്ല. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ക്രിപ്റ്റോ കറൻസി ഇടപാടുകൾക്ക് സെൻട്രൽ ബാങ്ക് അനുമതി നൽകിയിട്ടില്ല. പണമടക്കുന്നതിനോ നിക്ഷേപമായോ പരസ്പരമുള്ള ഇടപാടുകൾക്കോ ബിറ്റ്കോയിൻ ഉപയോഗിക്കുന്നതിന് അംഗീകാരമില്ല.
അതേസമയം, ധാരാളം കുവൈത്തികൾ ക്രിപ്റ്റോ കറൻസികളിൽ നിക്ഷേപം നടത്തുന്നുണ്ട്. പല കുവൈത്തികളും ബാങ്ക് വായ്പയെടുത്ത് വരെ ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപിച്ചിട്ടുണ്ട്. ഒരു കുവൈത്തിക്ക് മാത്രം 25 ലക്ഷം ദീനാർ നഷ്ടമായ സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ബിറ്റ്കോയിനും മറ്റ് ഡിജിറ്റൽ കറൻസിയുമായി ബന്ധപ്പെട്ട് തദ്ദേശീയ ബാങ്കുകളും കമ്പനികളും പ്രത്യക്ഷമായോ പരോക്ഷമായോ ഒരു ഇടപാടും നടത്തരുതെന്ന് നേരത്തേ സെൻട്രൽ ബാങ്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
വ്യക്തികളും ഇതിൽനിന്ന് വിട്ടുനിൽക്കണമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
ഒറ്റ ദിവസം തട്ടിയത് നാല് കോടി ദീനാർ
കുവൈത്ത് സിറ്റി: ‘ബിറ്റ്കോയിൻ കുവൈത്ത്’ എന്ന ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപിച്ച് കുവൈത്തിലെ വ്യാപാരികൾക്ക് ഒറ്റ ദിവസം നഷ്ടമായത് നാല് കോടി ദീനാർ. അജ്ഞാത ഡെവലപ്പർ സൃഷ്ടിച്ച് പുതുതായി അവതരിപ്പിച്ച ക്രിപ്റ്റോകറൻസിയാണ് ‘ബിറ്റ്കോയിൻ കുവൈത്ത്’.
തകരുന്നതിന് മുമ്പ് കുറഞ്ഞ കാലത്തിനകം ഇതിൽ ധാരാളം പേർ നിക്ഷേപിച്ചിരുന്നു. കഴിഞ്ഞ മൂന്നുവർഷമായി സമൂഹമാധ്യമങ്ങളിലും ചില മുഖ്യധാര മാധ്യമങ്ങളിലും ഇതിന്റെ പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ടു. തട്ടിപ്പിന് ഇരയായവരിൽ ഭൂരിഭാഗവും ക്രിപ്റ്റോ കറൻസി നിക്ഷേപത്തിന്റെ അപകട സാധ്യതകളെക്കുറിച്ച് അവബോധമില്ലാത്ത കൗമാരക്കാരും ചെറുപ്പക്കാരുമാണ്.
ഇത്തരം തട്ടിപ്പുകൾ സാധ്യമാകുന്ന പഴുതുകൾ അടക്കാൻ അടിയന്തര നിയമപരിഷ്കാരങ്ങൾ വേണമെന്ന് കുവൈത്ത് സൊസൈറ്റി ഫോർ ഇൻഫർമേഷൻ സെക്യൂരിറ്റിയുടെ പ്രസിഡന്റ് ഡോ. സഫ സമാൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

