പിന്തുണ നേരിട്ടറിയിച്ച് കിരീടാവകാശി ഖത്തറിൽ
text_fieldsകിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനിയുമായി കൂടിക്കാഴ്ചയിൽ
കുവൈത്ത് സിറ്റി: ഖത്തറിനുള്ള കുവൈത്തിന്റെ പിന്തുണ നേരിട്ടറിയിച്ച് കിരീടാവകാശി ഖത്തറിൽ. അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ പ്രതിനിധിയായി ഖത്തറിൽ എത്തിയ കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനിയുമായി കൂടിക്കാഴ്ച നടത്തി. ഇസ്രായേൽ ആക്രമണത്തിൽ ഒരു സുരക്ഷ ഉദ്യോഗസഥൻ കൊല്ലപ്പെട്ടതിലും മറ്റുള്ളവർക്ക് പരിക്കേറ്റതിലും കുവൈത്ത് അമീറിന്റെ ആത്മാർഥ അനുശോചനം കിരീടാവകാശി അറിയിച്ചു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു. ഖത്തറിനെതിരായ ഇസ്രായേൽ ആക്രമണത്തെ കുവൈത്ത് ശക്തമായി അപലപിക്കുന്നതായി കിരീടാവകാശി വ്യക്തമാക്കി.
ഇസ്രായേൽ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്നമായ ലംഘനമാണ്. മേഖലയുടെ സുരക്ഷക്കും സ്ഥിരതക്കും ഇത് ഗുരുതരമായ ഭീഷണി ഉയർത്തുന്നുവെന്നും കിരീടാവകാശി മുന്നറിയിപ്പ് നൽകി. അന്താരാഷ്ട്ര സുരക്ഷയും സമാധാനവും നിലനിർത്തുന്നതിലും ഇസ്രായേലി ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതിലും ഐക്യരാഷ്ട്രസഭ സുരക്ഷ കൗൺസിലും അന്താരാഷ്ട്ര സമൂഹവും അവരുടെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടു.ഖത്തറിന്റെ സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും സ്വീകരിക്കുന്ന എല്ലാ നടപടികളിലും കുവൈത്തിന്റെ പൂർണ പിന്തുണയും ഐക്യദാർഢ്യവും കിരീടാവകാശി ആവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

