ക്രൗൺ പ്രിൻസ് കപ്പ് ഫുട്ബാൾ കിരീടം അൽ-അറബി എസ്.സിക്ക്
text_fieldsക്രൗൺ പ്രിൻസ് കപ്പ് ഫുട്ബാൾ കിരീടം നേടിയ അൽ-അറബി എസ്.സി ടീം
കുവൈത്ത് സിറ്റി: ക്രൗൺ പ്രിൻസ് കപ്പ് ഫുട്ബാൾ കിരീടം അൽ-അറബി എസ്.സിക്ക്. ആവേശകരമായ ഫൈനൽ മത്സരത്തിൽ ഷൂട്ടൗട്ടിൽ അൽ-സാൽമിയയെ 4-1ന് തോൽപിച്ചാണ് കിരീടനേട്ടം. ക്രൗൺ പ്രിൻസ് കപ്പിൽ തുടർച്ചയായ രണ്ടാം സീസണിലും ജേതാക്കളായ അൽ അറബി, ഒമ്പതാം തവണയാണ് കിരീടം നേടുന്നത്.
ജാബിർ ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 27ാം മിനിറ്റിൽ കാർലോസ് റിവാസിലൂടെ സാൽമിയയാണ് ആദ്യം ഗോൾ നേടിയത്. മത്സരം അവസാനിക്കാൻ ഒരു മിനിറ്റ് ശേഷിക്കെ അൽ അറബിയുടെ ജുമ അബ്ബൗദ് ഗോൾ മടക്കി മത്സരം അധികസമയത്തേക്കു നീട്ടി. 100ാം മിനിറ്റിൽ ഫഹദ് മർസൂഖ് ഒരിക്കൽകൂടി സാൽമിയയെ മുന്നിലെത്തിച്ചു.
എന്നാൽ, വൈകാതെ അൽ സെനുസി അൽ ഹാദിയിലൂടെ ഗോൾ മടക്കിയ അൽ അറബി സമനില പിടിച്ചു. ഇതോടെ മത്സരം ഷൂട്ടൗട്ടിലേക്കു നീങ്ങി. ഷൂട്ടൗട്ടിൽ 4-1 ഗോൾ വിജയത്തോടെ അൽ അറബി കിരീടം ചൂടി.
കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് വിജയികൾക്ക് ട്രോഫി സമ്മാനിച്ചു. ഇൻഫർമേഷൻ ആൻഡ് കൾചറൽ മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ അബ്ദുറഹ്മാൻ അൽ മുതൈരി, കുവൈത്ത് ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ഫഹദ് നാസർ സബാഹ് അൽ അഹമ്മദ് അസ്സബാഹ്, കുവൈത്ത് ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് അബ്ദുല്ല അൽ ഷഹീൻ, പബ്ലിക് അതോറിറ്റി ഫോർ സ്പോർട്സിന്റെ ആക്ടിങ് ഡയറക്ടർ ജനറൽ ഫൈസൽ അൽ യതീം, നാഷനൽ അസംബ്ലി സ്പീക്കർ അഹമ്മദ് അൽ സദൂൻ, ഹിസ് ഹൈനസ് ശൈഖ് നാസർ അൽ മുഹമ്മദ് അൽ അഹമ്മദ് അസ്സബാഹ് എന്നിവർ ഫൈനൽ മത്സരം കാണാനെത്തി.
തുർക്കിയ, സിറിയ എന്നിവിടങ്ങളിലെ ഭൂകമ്പത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷപരിപാടികൾ മാറ്റിവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

