കുവൈത്ത് സിറ്റി: കുവൈത്ത് ക്രൗൺ പ്രിൻസ് കപ്പ് ഫുട്ബാൾ ടൂർണമെൻറിൽ കുവൈത്ത് സ്പോർട്സ് ക്ലബ് ജേതാക്കളായി. ആവേശകരമായ ഫൈനലിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഖാദിസിയയെയാണ് അവർ കീഴടക്കിയത്. ശൈഖ് ജാബിർ സ്റ്റേഡിയത്തിൽ ഒഴിഞ്ഞ ഗാലറിയെ സാക്ഷിനിർത്തി നടത്തിയ മത്സരത്തിൽ ആദ്യം ഗോൾ നേടിയത് ഖാദിസിയയാണ്.
പത്താം മിനിറ്റിൽ ചാമ്പ്യൻ ടീമിനെ ഞെട്ടിച്ച് അവർ വലയനക്കി. അഹ്മദ് അൽ ദിഫീരി നീട്ടിനൽകിയ പന്ത് ജോർഡനിയൻ മുന്നേറ്റനിരക്കാരൻ ഉദയ് അൽ സൈഫി ഇടക്കാലൻ ബുള്ളറ്റ് ഷോട്ടിലൂടെ വലക്കുള്ളിലാക്കി. ഗോൾ മടക്കാൻ ആഞ്ഞുശ്രമിച്ച കുവൈത്ത് സ്പോർട്സ് ക്ലബിന് ആദ്യപകുതിയിൽ ഫലം കണ്ടെത്താൻ കഴിഞ്ഞില്ല. രണ്ടാം പകുതിയിൽ രണ്ടും കൽപ്പിച്ചിറിങ്ങിയ കെ.എസ്.സി 65ാം മിനിറ്റിൽ തലാൽ അൽ ഫാദിലിെൻറ ഫ്രീകിക്ക് ലോബ് ചെയ്ത് തുനീഷ്യൻ ഫോർവേഡ് അഹ്മദ് അകൈചി പോസ്റ്റിനുള്ളിലാക്കി സമനില കണ്ടെത്തി.
നിശ്ചിത സമയത്ത് വിജയഗോൾ നേടാൻ ഇരുടീമിനും കഴിയാത്തതിനെ തുടർന്ന് മത്സരം എക്സ്ട്ര ടൈമിലേക്ക് നീണ്ടു. എക്സ്ട്ര ടൈമിൽ ഫ്രഞ്ച് മിഡ്ഫീൽഡർ അബ്ദുൽ സിസോകോ ബോക്സിനുള്ളിൽനിന്ന് തൊടുത്ത ചാട്ടുളി കുവൈത്ത് സ്പോർട്സ് ക്ലബിന് ഒമ്പതാം കിരീടം നേടിക്കൊടുത്തു. അവരുടെ തുടർച്ചയായ മൂന്നാം കിരീടമാണിത്. ഖാദിസിയയും ഒമ്പതു തവണ കിരീടം നേടിയിട്ടുണ്ട്. ഉദ്ഘാടന ചടങ്ങിൽ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിനെയും കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അസ്സബാഹിനെയും പ്രതിനിധാനംചെയ്ത് സ്പോർട്സ്, വാർത്താവിനിമയ മന്ത്രി അബ്ദുറഹ്മാൻ അൽ മുതൈരി പെങ്കടുത്തു.