കോക്സ് ബസാർ തീപിടിത്തം; സഹായം എത്തിച്ച് കുവൈത്ത് സന്നദ്ധ സംഘടന
text_fieldsനമാ ചാരിറ്റി പ്രവർത്തകർ അവശ്യ വസ്തുക്കളുടെ വിതരണത്തിൽ
കുവൈത്ത് സിറ്റി: ബംഗ്ലാദേശിലെ കോക്സ് ബസാറിലുണ്ടായ തീപിടിത്തത്തിൽ 7000ത്തോളം പേർക്ക് കുവൈത്തിലെ സന്നദ്ധ സംഘടനയായ നമാ ചാരിറ്റി അടിയന്തര സഹായം എത്തിച്ചു. തീപിടിത്തത്തിൽ അകപ്പെട്ടവർക്ക് അവരുടെ ദുരിതങ്ങൾ ലഘൂകരിക്കുന്നതിന് അവശ്യവസ്തുക്കൾ നൽകാനാണ് ദുരിതാശ്വാസ കാമ്പയിൻ ലക്ഷ്യമിടുന്നത്.
ഭക്ഷണസാധനങ്ങൾ, വെള്ളക്കുപ്പികൾ, വസ്ത്രങ്ങൾ, പുതപ്പുകൾ, മാന്യമായ ജീവിതത്തിനുള്ള മറ്റു മാർഗങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നുവെന്ന് ചാരിറ്റിയുടെ റിലീഫ് എയ്ഡ് ചീഫ് ഖാലിദ് അൽ ഷമ്മരി പറഞ്ഞു. പാർപ്പിടവും ഭക്ഷണവും ഉൾപ്പെടെയുള്ള ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങളുടെ ദൗർലഭ്യവും, ആരോഗ്യകേന്ദ്രങ്ങളുടെയും മരുന്നുകളുടെയും അഭാവം മൂലം രോഗങ്ങളും പോഷകാഹാരക്കുറവും പടർന്നുപിടിക്കുന്നതിനാൽ അവിടെ നിലവിലെ സാഹചര്യം ‘ദുരന്തമാണ്’ എന്ന് അദ്ദേഹം വിവരിച്ചു.
സഹായം എത്തിക്കാനായി നമാ കാമ്പയിനുകളെ പിന്തുണക്കുകയും സംഭാവന ചെയ്യുകയും ചെയ്ത എല്ലാവരോടും അദ്ദേഹം നന്ദി അറിയിച്ചു. റോഹിങ്ക്യൻ അഭയാർഥികളുടെ ക്യാമ്പിൽ മാർച്ച് അഞ്ചിനാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ നിരവധി വസ്തുക്കൾ നശിക്കുകയും 12,000ത്തിലധികം ആളുകൾ ഭവനരഹിതരാകുകയും ചെയ്തു.