ഭാവിതലമുറ ഫണ്ടിലേക്കുള്ള തുക വൈകിപ്പിക്കാൻ നീക്കം
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് വരുമാനത്തിൽനിന്ന് ഭാവി തലമുറക്കു വേണ്ടി മാറ്റിവെക്കുന്ന 10 ശതമാനം തുക തൽക്കാലം വൈകിപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നതായി റിപ്പോർട്ട്. ഇതിനായി പാർലമെൻറിെൻറ അനുമതി തേടുമെന്ന് പാർലമെൻററി വൃത്തങ്ങൾ സൂചിപ്പിച്ചു. കുവൈത്തിലെ നിയമപ്രകാരം വരുമാനത്തിെൻറ 10 ശതമാനം ഒാരോ വർഷവും ഭാവിതലമുറക്കായുള്ള ഫണ്ടിലേക്ക് മാറ്റിവെക്കണം.
ബജറ്റ് കമ്മിയായാലും മിച്ചമായാലും ഇത് മാറ്റിവെക്കേണ്ടതുണ്ട്. കോവിഡ് പ്രതിരോധത്തിന് വൻ തുക മാറ്റിവെക്കേണ്ടി വന്നതിനാലും മുഖ്യവരുമാനമായ പെട്രോളിയത്തിെൻറ വില പകുതിയിൽ താഴേക്ക് കൂപ്പുകുത്തിയതിനാലും സർക്കാർ സാമ്പത്തിക ഞെരുക്കത്തിലാണ്. വ്യവസായികളിൽനിന്നും കമ്പനികളിൽനിന്നും സംഭാവന സ്വീകരിച്ച് രാജ്യം പ്രത്യേക കോവിഡ് പ്രതിരോധ ഫണ്ട് രൂപവത്കരിച്ചിട്ടുണ്ട്. 100 കോടി ദീനാർ ഭാവിതലമുറ ഫണ്ടിലേക്ക് നൽകുന്നത് വൈകിപ്പിച്ച് കണ്ടെത്താനാണ് നീക്കം.
രാജ്യം അസാധാരണ സാഹചര്യത്തിലൂടെ കടന്നുപോവുന്ന സാഹചര്യത്തിൽ പാർലമെൻറ് അനുമതി നൽകുമെന്നാണ് സർക്കാറിെൻറ പ്രതീക്ഷ. 14.78 ശതകോടി ദീനാറാണ് ബജറ്റിൽ രാജ്യത്തിെൻറ വരുമാനം. മുഖ്യവരുമാനമായ പെട്രോളിയം ബാരലിന് 55 ഡോളർ വില കണക്കാക്കിയാണ് ബജറ്റ് തയാറാക്കിയത്. ഇപ്പോൾ എണ്ണവില 28 ഡോളറിന് താഴെയാണ്. യഥാർഥ വരുമാനം ബജറ്റിൽ കാണിച്ചതിനേക്കാൾ കുറവായിരിക്കും. അപ്രതീക്ഷിത ചെലവുകൾ വന്നതിനാൽ കമ്മി ബജറ്റിൽ കാണിച്ചതിനേക്കാൾ കൂടുതലാവും. മുൻകാലങ്ങളിൽ 60,000 കോടി ഡോളർ കുവൈത്ത് ഫ്യൂച്ചർ ജനറേഷൻ ഫണ്ടിൽ നിക്ഷേപിച്ചിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും വിദേശരാജ്യങ്ങളിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
