കോവിഡ് വാക്സിൻ: അഭ്യൂഹം പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കും
text_fieldsകുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധ വാക്സിനുകൾ സംബന്ധിച്ച് അഭ്യൂഹങ്ങൾ പ്രചരിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കുവൈത്ത് ആഭ്യന്തരമന്ത്രാലയം.
സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തുന്നവരെ സൈബർ സ്ക്വാഡിെൻറ സഹായത്തോടെ കണ്ടെത്തി നിയമ നടപടിക്ക് വിധേയമാക്കുമെന്നാണ് മുന്നറിയിപ്പ്.
കുത്തിവെപ്പ് പ്രക്രിയ ത്വരിതപ്പെടുത്തി സാമൂഹികപ്രതിരോധ ശേഷി കൈവരിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിലാണ് കുവൈത്ത്. ഈ ഘട്ടത്തിൽ ജനങ്ങൾക്കിടയിൽ വാക്സിനുമായി ബന്ധപ്പെട്ട് ആശങ്ക പരത്തുന്ന രീതിയിലുള്ള പ്രചാരണങ്ങൾ അനുവദിക്കില്ലെന്ന നിലപാടിലാണ് ആരോഗ്യമന്ത്രാലയം.
കോവിഡുമായും വാക്സിനുകളുമായും ബന്ധപ്പെട്ട തെറ്റായ വിവരങ്ങൾ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്കെതിരെ നിയമനടപടി കൈക്കൊള്ളുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. സൈബർ സെല്ലിെൻറ സഹായത്തോടെ വ്യാജപ്രചാരണങ്ങളുടെ ഉറവിടം കണ്ടെത്തും.ജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കാനുള്ള കഠിന പ്രയത്നത്തിലാണ് രാജ്യത്തെ ആരോഗ്യ സംവിധാനം.
ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിനുകളാണ് കോവിഡ് പ്രതിരോധത്തിനായി രാജ്യത്ത് നൽകി കൊണ്ടിരിക്കുന്നത്. ഇവയെല്ലാം സുരക്ഷിതവും പ്രതിരോധ ശേഷിയുള്ളതുമാണെന്ന് തെളിയിക്കപ്പെട്ടതാണ്. വാക്സിനുകളുടെ ഫലപ്രാപ്തിയെ കുറിച്ച് അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത് ജനങ്ങളിൽ അനാവശ്യ ആശങ്കക്ക് കാരണമാകുമെന്നും ഇത് അനുവദിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ഒരു വിഭാഗം ഇപ്പോഴും വാക്സിനേഷന് രജിസ്റ്റർ ചെയ്തിട്ടില്ല. ഞങ്ങളുടെ ശരീരം ഞങ്ങളുടെ അവകാശം എന്ന പ്ലക്കാർഡ് ഉയർത്തി ഇവർ സമരം നടത്തുകയും ചെയ്തു.
രാജ്യത്ത് വാക്സിനേഷൻ നിയമം മൂലം നിർബന്ധമാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ കുത്തിവെപ്പ് എടുക്കാത്തവർക്കെതിരെ നടപടിയെടുക്കില്ല. അതേസമയം, മാളുകൾ, സലൂണുകൾ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ പ്രവേശനത്തിനും വിദേശ യാത്രക്കും വാക്സിനേഷൻ നിർബന്ധമാക്കി സമ്മർദം ഉയർത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

