പ്രവാസികൾക്കും കോവിഡ് മരണാനന്തര സഹായം: സർക്കാർ നിലപാട് തേടി ഹൈകോടതി
text_fieldsകുവൈത്ത് സിറ്റി: കോവിഡ് ബാധിച്ച് മരണമടഞ്ഞവർക്കുള്ള ധനസഹായം പ്രവാസി കുടുംബങ്ങൾക്കും നൽകണമെന്നാവശ്യപ്പെട്ടുള്ള ഹരജിയിൽ കേരള സർക്കാർ നിലപാട് ആരാഞ്ഞ് ഹൈകോടതി.പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡൻറ് അഡ്വ. ജോസ് അബ്രഹാം കേരള ഹൈകോടതിയിൽ നൽകിയ ഹരജിയാണ് ബുധനാഴ്ച ജസ്റ്റിസ് നഗറേഷ് പരിഗണിച്ചത്. കേസ് നവംബർ 24ന് വീണ്ടും പരിഗണിക്കും. പ്രധാന വിഷയമാണ് കോടതി മുമ്പാകെ സംഘടന കൊണ്ടുവന്നിട്ടുള്ളതെന്ന് കോടതി നിരീക്ഷിച്ചു. പ്രവാസി കുടുംബങ്ങളുടെ അപേക്ഷകൾ നിരസിക്കാൻ സംസ്ഥാന സർക്കാർ പറഞ്ഞ കാരണം ഇന്ത്യയിലെ കോവിഡ് -19 മരണങ്ങൾക്ക് മാത്രമേ പദ്ധതി ബാധകമാകൂ എന്നാണ് അഭിഭാഷകൻ ഇ. ആദിത്യൻ മുഖേന സമർപ്പിച്ച ഹരജിയിൽ ബോധിപ്പിച്ചത്. കോവിഡിൽ മരണമടഞ്ഞവരുടെ കുടുംബത്തിന് ധനസഹായം നൽകണമെന്ന സുപ്രീംകോടതി ഉത്തരവിനെത്തുടർന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ മാർഗനിർദേശം അനുസരിച്ച് അതത് സംസ്ഥാനങ്ങളാണ് 50,000 രൂപ വീതം കുടുംബാംഗങ്ങൾക്ക് നൽകേണ്ടത്. വിദേശത്തു മരണമടഞ്ഞ കുടുംബങ്ങളെയും ധനസഹായത്തിന് പരിഗണിക്കാൻ കേന്ദ്രസർക്കാറിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ മുമ്പ് ഡൽഹി ഹൈകോടതിയിൽനിന്ന് ഉത്തരവ് വാങ്ങിയിരുന്നു. വിഷയത്തിൽ കേരള ഹൈകോടതി ഇടപെടൽ വഴി പ്രവാസികൾക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രവാസി ലീഗൽ സെൽ വാർത്തക്കുറിപ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

