പ്രതിരോധ കുത്തിവെപ്പ് @ 80 %
text_fieldsദോഹ: സമ്പൂർണ കോവിഡ് പ്രതിരോധ കുത്തിവെപ്പ് എന്ന ലക്ഷ്യത്തിലേക്ക് ഖത്തറിെൻറ കുതിപ്പിന് വേഗമേറുന്നു. ആകെ ജനസംഖ്യയുടെ 80 ശതമാനം പേർ ഇതിനകം രണ്ട് ഡോസ് വാക്സിനും സ്വീകരിച്ച് കോവിഡിനെതിരെ പ്രതിരോധശേഷി ആർജിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഡിസംബറിൽ തുടങ്ങിയ വാക്സിനേഷൻ യത്നമാണ് 10 മാസം തികയും മുേമ്പ ലക്ഷ്യത്തിലേക്ക് മുന്നേറുന്നത്. ഇതിനകം 46.53 ലക്ഷം ഡോസ് വാക്സിനുകൾ രാജ്യത്ത് ആകെ വിതരണം ചെയ്തുകഴിഞ്ഞു. 2020 ഡിസംബർ 23നായിരുന്നു ഖത്തറിൽ ആദ്യമായി വാക്സിൻ നൽകിയത്. ഫൈസർ, മൊഡേണ വാക്സിനുകൾ ആദ്യഘട്ടത്തിൽ മുതിർന്നവരും ആരോഗ്യപ്രവർത്തകരും ഉൾപ്പെടെയുള്ള ഹൈറിസ്ക് വിഭാഗങ്ങൾക്കും ശേഷം എല്ലാവർക്കുമായി വിതരണം ആരംഭിക്കുകയായിരുന്നു. നിലവിൽ 12 വയസ്സിന് മുകളിലുള്ള എല്ലാർക്കും വാക്സിനേഷൻ നൽകുന്നുണ്ട്.
12നും 15നുമിടയിൽ പ്രായമുള്ള കുട്ടികൾക്ക് മേയ് 16 മുതലാണ് കുത്തിവെപ്പ് ആരംഭിച്ചത്. ഫൈസർ വാക്സിനാണ് കുട്ടികൾക്ക് നൽകുന്നത്. സ്കൂൾ അധ്യയനം ആരംഭിച്ചതോടെ, കുട്ടികളിലെ വാക്സിനേഷനും അതിവേഗത്തിലായി. ഇതിനകം 22 ലക്ഷത്തിലേറെ പേർ വാക്സിൻ സ്വീകരിച്ചുകഴിഞ്ഞു. സെപ്റ്റംബർ 15 മുതൽ ബൂസ്റ്റർ ഡോസ് കൂടി നൽകിയാണ് ഖത്തർ കോവിഡിനെതിരായ പോരാട്ടത്തിൽ ബഹുദൂരം മുന്നിലെത്തിയത്. 65 വയസ്സ് പിന്നിട്ടവർ, മാറാരോഗം കാരണം പ്രതിരോധശേഷി കുറഞ്ഞവർ, ആരോഗ്യ പ്രവർത്തകർ തുടങ്ങി ഹൈറിസ്ക് വിഭാഗങ്ങൾക്കാണ് പ്രാഥമിക ഘട്ടത്തിൽ ബൂസ്റ്റർ ഡോസ് നൽകിത്തുടങ്ങുന്നത്. രണ്ടാം ഡോസ് സ്വീകരിച്ച് എട്ടു മാസം തികഞ്ഞവർ, 12 മാസം പൂർത്തിയാവും മുേമ്പ ബൂസ്റ്റർ ഡോസ് എടുക്കണമെന്നാണ് നിർദേശം. ഘട്ടംഘട്ടമായി മറ്റുള്ളവർക്കും ബൂസ്റ്റർ ഡോസ് നൽകിത്തുടങ്ങും. കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് കേസുകളുടെ എണ്ണം നൂറിനും താഴെ റിപ്പോർട്ട് ചെയ്യപ്പെടുന്നത് ആരോഗ്യമേഖലക്കും ആശ്വാസമായി. രണ്ടു മാസം മുമ്പ് ഒരുഘട്ടത്തിൽ 300ന് അടുത്തുവരെ പ്രതിദിന രോഗികളുടെ എണ്ണം എത്തിയിരുന്നു. ഇതേ തുടർന്ന് ആഗസ്റ്റിൽ നടപ്പാക്കേണ്ടിയിരുന്ന നാലാം ഘട്ട ലഘൂകരണവും ദീർഘിപ്പിക്കാൻ നിർബന്ധിതരായി. രോഗികളുടെ എണ്ണം കുറഞ്ഞതും വാക്സിനേഷൻ വിജയകരമായി ലക്ഷ്യത്തിലേക്ക് നീങ്ങുന്നതും നിയന്ത്രണങ്ങൾ കൂടുതൽ ലഘൂകരിക്കാൻ അധികൃതർക്ക് പ്രേരണയാകും.
അതേസമയം, കോവിഡിനെതിരെ ജാഗ്രത കുറയരുതെന്ന് ആരോഗ്യമന്ത്രാലയം ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നു. 'ഇപ്പോഴും കോവിഡ് ഭീഷണി തന്നെയാണ്. മുൻകരുതലുകളുമായി വൈറസ് വ്യാപനം തടയൽ എല്ലാവരുടെയും ഉത്തരവാദിത്തമാണ്.സാമൂഹിക അകലം പാലിക്കുക, ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക, മാസ്ക് അണിഞ്ഞും വ്യക്തി ശുചിത്വം പാലിച്ചും കോവിഡിനെ അകറ്റുക' -മന്ത്രാലയത്തിെൻറ കുറിപ്പിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

