കോവിഡ്: 337 പുതിയ കേസുകൾ; 670 രോഗമുക്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ തിങ്കളാഴ്ച 337 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതുവരെ 1,40,393 പേർക്കാണ് വൈറസ് ബാധിച്ചത്. 670 പേർ ഉൾപ്പെടെ 1,32,848 പേർ രോഗമുക്തി നേടി. രണ്ടുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 868 ആയി. ബാക്കി 6677 പേരാണ് ചികിത്സയിലുള്ളത്. 80 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 4492 പേർക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്. ആകെ 10,56,493 പേർക്കാണ് കുവൈത്തിൽ ഇതുവരെ കോവിഡ് പരിശോധന നടത്തിയത്. ദിവസങ്ങളായി പുതിയ കേസുകളെക്കാൾ കൂടുതലാണ് രോഗമുക്തി. അതുകൊണ്ടുതന്നെ ആകെ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം ക്രമേണ കുറഞ്ഞുവരുന്നു.
തിങ്കളാഴ്ച പുതിയ കേസുകളുടെ ഇരട്ടിയോളമാണ് രോഗമുക്തി. ചികിത്സയിലുള്ളവരുടെയും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെയും എണ്ണത്തിൽ ഗണ്യമായ കുറവുണ്ട്. 140ന് മുകളിലുണ്ടായിരുന്നതാണ് ക്രമേണ കുറഞ്ഞുവന്ന് 80ൽ എത്തിയത്. പ്രതിദിന മരണനിരക്കിലും കുറവ് തന്നെയാണുള്ളത്. മൊത്തത്തിൽ കുവൈത്തിൽ സമീപ ദിവസങ്ങളിലെ കോവിഡ് റിപ്പോർട്ട് ആശ്വാസകരമാണ്. ഇൗ നില തുടരുകയാണെങ്കിൽ കുവൈത്തിൽ കോവിഡ് ചികിത്സയിലുള്ളവർ കാര്യമായി കുറയും.
അതോടെ കോവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ നീക്കാനും വിദേശത്തുനിന്നുള്ള വിമാന സർവിസ് സാധാരണ നിലയിലാവാനും വഴിയൊരുങ്ങുമെന്നാണ് പ്രതീക്ഷ. കേസുകൾ കൂടിവരുന്നതിനാൽ നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിക്കാൻ അധികൃതർ ആലോചിക്കുന്നതിനിടെയാണ് ഇൗ മാസം സ്ഥിതി മെച്ചമാവുന്നത്. നവംബറിൽ കോവിഡ് വ്യാപനം വർധിക്കാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തലുണ്ടായിരുന്നെങ്കിലും തിരിച്ചാണ് സംഭവിച്ചത്. അന്തരീക്ഷ ഉൗഷ്മാവ് കുറഞ്ഞുവരുന്നതിനാൽ ഡിസംബർ നിർണായകമാണ്.

