426 പേർക്കുകൂടി കോവിഡ്; 511 പേർക്ക് രോഗമുക്തി
text_fieldsഫർവാനിയ ഗവർണറേറ്റിൽ നടക്കുന്ന ഡ്രൈവ് ത്രൂ കോവിഡ് പരിശോധനയിൽനിന്ന്
കുവൈത്ത് സിറ്റി: കുവൈത്തിൽ വെള്ളിയാഴ്ച 426 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 1,39,734 പേർക്കാണ് വൈറസ് ബാധിച്ചത്. 511 പേർ ഉൾപ്പെടെ 1,31,560 പേർ രോഗമുക്തി നേടി. രണ്ടുപേർകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 863 ആയി. ബാക്കി 7311 പേരാണ് ചികിത്സയിലുള്ളത്.
84 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 5667 പേർക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്. ആകെ 10,47,902 പേർക്കാണ് കുവൈത്തിൽ ഇതുവരെ കോവിഡ് പരിശോധന നടത്തിയത്. ദിവസങ്ങളായി പുതിയ കേസുകളേക്കാൾ കൂടുതലാണ് രോഗമുക്തി. അതുകൊണ്ടുതന്നെ ആകെ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം ക്രമേണ കുറഞ്ഞുവരുന്നു. തീവ്രപരിചരണ വിഭാഗത്തിലും ഗണ്യമായ കുറവുണ്ട്. 140ന് മുകളിലുണ്ടായിരുന്നതാണ് ക്രമേണ കുറഞ്ഞുവന്ന് 84ൽ എത്തിയത്. പ്രതിദിന മരണ നിരക്കിലും കുറവു തന്നെയാണുള്ളത്. മൊത്തത്തിൽ കുവൈത്തിൽ സമീപ ദിവസങ്ങളിലെ കോവിഡ് റിപ്പോർട്ട് ആശ്വാസകരമാണ്. നവംബറിൽ കോവിഡ് വ്യാപനം വർധിക്കാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തലുണ്ടായിരുന്നെങ്കിലും പ്രതീക്ഷിച്ച വർധന ഉണ്ടായിട്ടില്ല. അന്തരീക്ഷ ഉൗഷ്മാവ് കുറഞ്ഞുവരുന്നതിനാൽ അടുത്ത മാസം നിർണായകമാണ്.

