കോവിഡ് മരണ ധനസഹായം: ആദ്യഘട്ട വിതരണം ഒരാഴ്ചക്കകം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ച നിർധനരായ ഇന്ത്യക്കാരുടെ ആശ്രിതർക്ക് ഒരു ലക്ഷം രൂപ സഹായ വിതരണം ഒരാഴ്ചക്കകം ആരംഭിക്കും.
ആഗസ്റ്റ് 15ന് മുമ്പ് ആദ്യ ഘട്ട വിതരണം നടത്താനാണ് നീക്കമെന്ന് സൂചന. ഇതിനായി എംബസി ഉദ്യോഗസ്ഥർ കഠിന പരിശ്രമത്തിലാണ് എന്നാണ് അറിയുന്നത്. ഇന്ത്യൻ കമ്യൂണിറ്റി സപ്പോർട്ട് ഗ്രൂപ്പുമായി സഹകരിച്ചാണ് എംബസി സഹായധനം ലഭ്യമാക്കുന്നത്. എംബസിയിലെ മൂന്ന് മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഒാരോ കേസുകളും പരിശോധിക്കാൻ സമിതി രൂപവത്കരിച്ചിട്ടുണ്ട്. കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ച 560ലേറെ ഇന്ത്യക്കാരുടെ ഫയലുകൾ പഠിക്കുന്നത് ഭാരിച്ച പണിയാണ്. അർഹരായവർക്ക് തന്നെയാണ് സഹായം ലഭ്യമാകുന്നത് എന്ന് ഉറപ്പുവരുത്തേണ്ടതിനാൽ സൂക്ഷ്മതയോടെയാണ് അധികൃതർ അന്വേഷണം നടത്തുന്നത്. വിവിധ തലത്തിൽ അന്വേഷണം നടത്തുന്നു. തുക നാട്ടിൽ ആശ്രിതർക്ക് ലഭ്യമാക്കാനാണ് നീക്കം.
120 ദീനാറിൽ കുറവ് ശമ്പളം ഉണ്ടായിരുന്ന, കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ച മുഴുവൻ ഇന്ത്യക്കാരുടെയും ആശ്രിതർക്ക് സഹായം ലഭ്യമാക്കും. ഗാർഹികത്തൊഴിലാളികൾക്ക് മാത്രമല്ല, 120 ദീനാറിൽ കുറവ് ശമ്പളമുള്ള, കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ച മുഴുവൻ പേർക്കും സഹായം ലഭിക്കും. നൂറിലേറെ പേർ ഇതുവരെ അത്തരത്തിൽ ഉണ്ടെന്നാണ് വിവരം.
ഒരു കോടി രൂപയിലേറെ ചുരുങ്ങിയത് കണ്ടെത്തണം. വിഭവ സമാഹരണത്തിനായി ഇന്ത്യൻ കമ്യൂണിറ്റി സപ്പോർട്ട് ഗ്രൂപ് വ്യക്തികളുടെയും വ്യവസായികളുടെയും സന്നദ്ധ സംഘടനകളുടെയും സഹായം തേടും.
സഹായധന പ്രഖ്യാപനം വലിയ തോതിൽ അഭിനന്ദനം ഏറ്റുവാങ്ങിയിരുന്നു. മറ്റു രാഷ്ട്രങ്ങളിലും പ്രവാസികൾ ഇത്തരത്തിൽ ആവശ്യം ശക്തമായി ഉന്നയിച്ചുതുടങ്ങി. കുവൈത്തിലെ ഇന്ത്യക്കാർ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായ സന്തോഷം പ്രകടിപ്പിക്കുകയും അംബാസഡറെ അഭിനന്ദിക്കുകയും ചെയ്തു.

