വിമാനത്താവളത്തിൽ ദിവസവും 500 പേർക്ക് കോവിഡ് പരിശോധന
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആഗസ്റ്റ് ഒന്നുമുതൽ കമേഴ്സ്യൽ വിമാന സർവിസ് ആരംഭിക്കുേമ്പാൾ ദിവസവും 500 പേർക്ക് കോവിഡ് പരിശോധന നടത്തും. കുവൈത്തിലേക്ക് വരുന്ന യാത്രക്കാരിൽനിന്ന് റാൻഡം അടിസ്ഥാനത്തിലായിരിക്കും പരിശോധന. വിവിധ രാജ്യങ്ങളിൽനിന്ന് വരുന്നവർ രണ്ടാഴ്ച വീട്ടുനിരീക്ഷണത്തിൽ കഴിയേണ്ടിവരുമെന്നും അധികൃതർ വ്യക്തമാക്കി. വീട്ടുനിരീക്ഷണ കാലത്ത് പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പാക്കാൻ ഇലക്ട്രോണിക് വള അണിയിക്കും. ഇത് മുഴുവൻ സമയവും അണിയണം. ഇൗ വള അണിഞ്ഞവരുടെ സഞ്ചാരഗതി ആഭ്യന്തര മന്ത്രാലയ ആസ്ഥാനത്തിരുന്ന് അറിയാൻ കഴിയും. മൊബൈൽ ഫോണിൽ ‘ശ്ലോനിക്’ എന്ന ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യണം. ഇതും ആളുകളുടെ സഞ്ചാരഗതി അറിയാൻ സഹായിക്കുന്നതാണ്.
വീട്ടുനിരീക്ഷണ കാലത്ത് പുറത്തിറങ്ങുന്നവരെ നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീന് വിധേയരാക്കും. ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ കാലം കഴിഞ്ഞാൽ നിയമനടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ആഗസ്റ്റിൽ വിമാനത്താവളത്തിൽ സർവിസ് ആരംഭിക്കുമെങ്കിലും ആദ്യഘട്ടത്തിൽ രാത്രി 10നും പുലർച്ച നാലിനുമിടെ കമേഴ്സ്യൽ വിമാനങ്ങൾ ഉണ്ടാവില്ല. ഇതനുസരിച്ച് വിമാനങ്ങളുടെ സമയക്രമം പുനഃക്രമീകരിക്കാൻ വ്യോമയാന വകുപ്പ് വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നുഘട്ടത്തിലായാണ് കമേഴ്സ്യൽ വിമാന സർവിസ് ആരംഭിക്കുന്നത്. ആഗസ്റ്റ് ഒന്നുമുതൽ ആരംഭിക്കുന്ന ആദ്യഘട്ടത്തിൽ പ്രതിദിനം 10,000 യാത്രക്കാർക്കാണ് സേവനം ഉപയോഗപ്പെടുത്താനാവുക. 30 ശതമാനം ജീവനക്കാരാണ് ജോലിയിലുണ്ടാവുക. പ്രതിദിനം 100 വിമാന സർവിസുകളാണ് പരമാവധി ഉണ്ടാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
