പാർലമെൻറ് കൈയേറ്റ കേസ്: എം.പിമാർ ഉൾപ്പെടെയുള്ളവർക്ക് തടവ്
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് പാർലമെൻറ് കൈയേറ്റ കേസിൽ പ്രധാന പ്രതിപക്ഷ നേതാക്കളും എം.പിമാരുമായ വലീദ് അൽ തബ്തബാഇ, ജംആൻ അൽ ഹർബഷ് എന്നിവരുൾപ്പെടെയുള്ള പ്രതികൾക്ക് അപ്പീൽ കോടതി തടവ് ശിക്ഷ വിധിച്ചു. ഇരുവർക്കും അഞ്ചുവർഷം വീതമാണ് തടവ് വിധിച്ചത്. അമീറിനെ അപകീർത്തിപ്പെടുത്തിയ കേസിൽ രണ്ടുവർഷത്തെ ജയിൽ ശിക്ഷക്കുശേഷം കഴിഞ്ഞ ഏപ്രിലിൽ പുറത്തിറങ്ങിയ മുൻ എം.പി മുസല്ലം അൽബർറാകിന് ഏഴുവർഷം തടവ് വിധിച്ചിട്ടുണ്ട്. മറ്റൊരു എം.പി മുഹമ്മദ് അൽ മതറിന് ഒരു വർഷം തടവും വിധിച്ചു. ഇവരടക്കം 67 പ്രതികൾക്കാണ് തിങ്കളാഴ്ച കോടതി ശിക്ഷ വിധിച്ചത്. മറ്റു പ്രതികൾക്ക് ഒന്നുമുതൽ ഏഴുവർഷംവരെയാണ് തടവ്. ബലപ്രയോഗത്തിനും മറ്റുള്ളവരെ കലാപത്തിന് പ്രേരിപ്പിച്ചതിനും 28 പ്രതികൾക്ക് അഞ്ചുവർഷം വരെ കഠിന തടവും അക്രമപ്രവർത്തനത്തിലേർപ്പെട്ടതിന് 23 പേർക്ക് മൂന്നര വർഷം കഠിന തടവും വിധിച്ചു. അഞ്ചുപേർക്ക് രണ്ടുവർഷവും 10 പ്രതികൾക്ക് ഒരുവർഷം വീതവും തടവുശിക്ഷ അനുഭവിക്കണം. രണ്ടുപേരെ വെറുതെ വിട്ടു. ഒരു പ്രതി ഇതിനകം മരിച്ചു. മൂന്ന് എം.പിമാരും എട്ട് മുൻ പാർലമെൻറ് അംഗങ്ങളുമുൾപ്പെടെ 70 സ്വദേശികളാണ് കേസിലെ പ്രതികൾ. 2011 നവംബർ16നാണ് പാർലമെൻറ് കൈയേറ്റമുണ്ടായത്.
തൊട്ടടുത്ത ഡിറ്റർമിനേഷൻ സ്ക്വയറിൽ നടന്ന പ്രതിഷേധ റാലിക്കു ശേഷം രാത്രി 10ന് മുൻ എം.പിമാരുടെ നേതൃത്വത്തിൽ നൂറുകണക്കിന് പേർ പാർലമെൻറിലേക്ക് ഇരച്ചുകയറുകയായിരുന്നു. പ്രധാനമന്ത്രിക്കെതിരെ എം.പിമാരായ അബ്ദുറഹ്മാൻ അൽ അൻജരിയും അഹ്മദ് അൽ സഅ്ദൂനും നൽകിയിരുന്ന കുറ്റവിചാരണ പ്രമേയം ഭരണഘടനാ കോടതിയെ കൂട്ടുപിടിച്ച് സർക്കാർ തള്ളിയതിൽ പ്രതിഷേധിക്കാനാണ് ഡിറ്റർമിനേഷൻ സ്ക്വയറിൽ 18 പ്രതിപക്ഷ എം.പിമാരുടെ സാന്നിധ്യത്തിൽ 2000ത്തോളം പേർ ഒത്തുകൂടിയത്. സർക്കാറിെൻറ രാജി ആവശ്യപ്പെട്ട പ്രതിഷേധക്കാർ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്താൻ ശ്രമിച്ചു. അതിനിടെ, കുെറ പേർ പാർലമെൻറിനകത്ത് ഇരച്ചുകയറുകയും പാർലമെൻറ് സമ്മേളനം നടക്കുന്ന അബ്ദുല്ല അൽ സാലിം ഹാളിൽ പ്രവേശിക്കുകയുമായിരുന്നു. കൂടുതൽ സുരക്ഷ ഉദ്യോഗസ്ഥരെത്തി എല്ലാവരെയും പുറത്താക്കിയാണ് സ്ഥിതി ശാന്തമാക്കിയത്. രാജ്യ ചരിത്രത്തിൽ ആദ്യമായുണ്ടായ ഈ സംഭവത്തിനുപിന്നാലെ ശൈഖ് നാസർ മന്ത്രിസഭക്ക് രാജിവെക്കേണ്ടിവരുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
