വ്യാജ ഉൽപന്നങ്ങൾ: 27 കടകൾ പൂട്ടിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ പ്രമുഖ ബ്രാൻഡുകളുടെ വ്യാജ ഉൽപന്നങ്ങൾ വിൽപന നടത്തിയതുമായി ബന്ധപ്പെട്ട് വാണിജ്യ മന്ത്രാലയം വ്യാപക പരിശോധന നടത്തി. കുറ്റം കണ്ടെത്തിയ 27 കടകൾ അധികൃതർ പൂട്ടിച്ചു. അന്താരാഷ്ട്ര ബ്രാൻഡുകളുടെ വ്യാജ ഉൽപന്നങ്ങളാണ് പിടിച്ചെടുത്തത്.
ഫോണുകള്‍, ബാഗുകള്‍, വാച്ച്, വസ്ത്രങ്ങള്‍, സ്ത്രീകളുടെ ആഭരണങ്ങള്‍, വാഹനങ്ങളുടെ സ്പെയർ പാർട്സ് തുടങ്ങിയവയാണ് പിടികൂടിയത്. യാഥാർഥ ബ്രാൻഡ് ഉൽപന്നങ്ങൾ സംരക്ഷിക്കുന്നതിെൻറ ഭാഗമായി ഇത്തരം വ്യാജ ഉൽപന്നങ്ങൾ രാജ്യത്തിലേക്ക് കടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് കസ്റ്റംസ് അഡ്മിനിസ്ട്രേഷന് ജനറല്‍ കൗണ്‍സില്‍ മേധാവി ജമാല്‍ അല്‍ ജലാവി വ്യക്തമാക്കി.
പേറ്റൻറുമായി ബന്ധപ്പെട്ട പ്രാദേശിക -അന്തര്‍ദേശീയ നിയമങ്ങള്‍ പാലിക്കാത്ത നിരവധി വ്യാജ സാധനങ്ങള്‍ വില്‍ക്കുന്നതുമായി ബന്ധപ്പെട്ട വിവരത്തെ തുടർന്ന് വാണിജ്യ വ്യവസായ വകുപ്പ് അധികൃതര്‍ ജാഗ്രതയിലാണ്. രാജ്യത്ത് ട്രേഡ് മാർക്ക് മോഷണം സംബന്ധിച്ച് നിരവധി പരാതികൾ ലഭിക്കുന്നുണ്ട്. ഇതിന് രാജ്യത്തെ നിയമവ്യവസ്ഥ അനുസരിച്ച് ഒന്നുമുതൽ മൂന്നുവർഷം വരെ തടവ് ലഭിക്കും.

