20 ദീനാറിന്റെ വ്യാജ നോട്ടുകൾ കണ്ടെടുത്തു
text_fieldsകണ്ടെടുത്ത നോട്ടുകൾ
കുവൈത്ത് സിറ്റി: രാജ്യത്ത് ബാങ്ക് നോട്ടുകൾ വ്യാജമായി നിർമിച്ച് വിതരണം ചെയ്തയാൾ പിടിയിൽ. ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലെ കള്ളപ്പണ, വ്യാജരേഖ തടയൽ വകുപ്പാണ് പ്രതിയെ പിടികൂടിയത്. 20 ദീനാറിന്റെ വ്യാജ നോട്ടുകൾ ലഭിച്ചതായി അന്യേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
ഖൈത്താൻ പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയെ തുടർന്നുള്ള അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. തീവ്രമായ അന്വേഷണങ്ങൾക്കൊടുവിൽ ഡിറ്റക്ടീവുകൾ പ്രതിയെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. അറസ്റ്റിലാകുന്ന സമയത്ത് ഇയാളുടെ കൈവശം മയക്കുമരുന്ന് സാമഗ്രികളും കണ്ടെത്തി. വിവിധ ഇടങ്ങളിൽ കള്ളനോട്ട് വിതരണം ചെയ്തതായി പ്രതി കുറ്റ സമ്മതം നടത്തി. 20 ദീനാറിന്റെ നോട്ടുകളായിരുന്നു കൂടുതലായും നിർമിച്ചിരുന്നത്.
സബാഹ് അൽ അഹ്മദ് സീ സിറ്റിയിലെ ഷാലെയിൽ ഉപകരണങ്ങൾ ഉപയോഗിച്ച് കള്ളനോട്ടുകൾ സ്വയം നിർമിച്ച് വിതരണം ചെയ്തിരുന്നതായി പ്രതി സമ്മതിച്ചു. അവിടെ വൻതോതിൽ വ്യാജനോട്ടുകൾ സൂക്ഷിച്ചിരുന്നു. ഷാലെയിൽ നടത്തിയ പരിശോധനയിൽ സ്കാനറുകൾ, പ്രിന്റിങ് ഉപകരണങ്ങൾ, മഷി, പേപ്പർ കട്ടറുകൾ, ആയിരക്കണക്കിന് വ്യാജ നോട്ടുകൾ, ഇവ തയാറാക്കുന്ന മറ്റ് വസ്തുക്കൾ എന്നിവ കണ്ടെത്തി.
വ്യാജ ഉപകരണങ്ങൾ, രാസവസ്തുക്കൾ, മയക്കുമരുന്നുമായി ബന്ധപ്പെട്ട മറ്റ് വസ്തുക്കൾ എന്നിവയും പിടിച്ചെടുത്തു. പ്രതിയെ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

