സഹകരണമേഖലയിൽ 1800 സ്വദേശികൾക്ക് ഉടൻ നിയമനം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ സഹകരണ മേഖലയിലെ വിവിധ തസ്തികകളിലേക്ക് 1800 സ്വദേശി യുവാക്കൾക്ക് നിയമനം നൽകുന്നു. സ്വദേശി തൊഴിൽശക്തി വർധിപ്പിക്കുന്നതിനുള്ള വകുപ്പ് ജനറൽ സെക്രട്ടറി ബന്ദർ അൽ റാഷിദ് പ്രാദേശിക പത്രത്തോട് വെളിപ്പെടുത്തിയതാണ് ഇക്കാര്യം.
ജംഇയ്യകളിലെ കാഷ്യർ മുതൽ ൈഡ്രവർവരെയുള്ള തസ്തികകളിൽ തൊഴിൽരഹിതരായ സ്വദേശികൾക്ക് അവസരം നൽകാനാണ് തീരുമാനം. ജനറൽ ഡയറക്ടർ, എക്സിക്യൂട്ടിവ് സെക്രട്ടറി, സെക്രട്ടറി, ഭരണകാര്യ മേധാവി, സൂപ്പർവൈസർ, മൻദൂബ്, അക്കൗണ്ടൻറ് വിഭാഗം മേധാവി, അക്കൗണ്ടൻറ്, അസിസ്റ്റൻറ് മേധാവി, ഓഡിറ്റർ, ഡാറ്റ എൻട്രി, കമേഴ്സ്യൽ ഡയറക്ടർ, ഡിപ്പാർട്മെൻറ് ഡയറക്ടർ, ധനകാര്യ ഡയറക്ടർ, പർച്ചേസിങ് വകുപ്പ് മേധാവി, കമ്പ്യൂട്ടർ ഡിപ്പാർട്മെൻറ് മേധാവി, നിക്ഷേപകരുടെ പ്രതിനിധി, പബ്ലിക് റിലേഷൻ ഡിപ്പാർട്മെൻറ് മേധാവി, പബ്ലിഷിങ് ആൻഡ് അഡ്വർടൈസ്മെൻറ് മേധാവി, നിയമവിദഗ്ധൻ, പ്രോജക്ട് എൻജിനീയർ, സ്റ്റോർ കീപ്പർ, സെയിൽസ്മാൻ, വില നിരീക്ഷകൻ, മാർക്കറ്റിങ് ഡയറക്ടർ, സ്റ്റോറുകളുടെ ചുമതല, ലൈബ്രറി ചുമതല, നൈറ്റ് ഡ്യൂട്ടി, ഫാർമസിസ്റ്റ്, കമ്പ്യൂട്ടർ ടെക്നീഷ്യൻ, അസിസ്റ്റൻറ് ഓഡിറ്റർ ജനറൽ, എ.സി മെക്കാനിക്ക്, മെയിൻറനൻസ് ടെക്നീഷ്യൻ, വെജിറ്റബിൾ ചുമതല, ഗ്യാസ് ചുമതല, മെയിൻറനൻസ് വകുപ്പ് മേധാവി, വെജിറ്റബിൾ സൂപ്പർ വൈസർ, റേഷൻ കാര്യങ്ങളുടെ ചുമതല, മെക്കാനിക്കൽ ടെക്നീഷ്യൻ, സർവിസ് വകുപ്പ് മേധാവി, മൻദൂബ് കാര്യ വകുപ്പ് മേധാവി, റിസപ്ഷനിസ്റ്റ്, ലേബേഴ്സ് ചാർജ് തുടങ്ങിയ തസ്തികകളിലേക്കാണ് സ്വദേശികൾക്ക് പുതുതായി നിയമനം നൽകുന്നത്.
നിയമനം ആഗ്രഹിക്കുന്നവരിൽനിന്ന് ഈ മാസം 28 മുതൽ ജൂൺ ഒന്നുവരെയാണ് അപേക്ഷ സ്വീകരിക്കുക. കുവൈത്തി പൗരനായിരിക്കുക, പ്രായം 18ൽ കുറയാതിരിക്കുക, അനുയോജ്യമായ വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കുക തുടങ്ങിയ നിബന്ധനകളാണ് അപേക്ഷകനുണ്ടാവേണ്ടത്. മേൽപറഞ്ഞ പല തസ്തികകളിലും ഇന്ത്യക്കാരടക്കം നിരവധി വിദേശികളാണ് ഇപ്പോൾ ജോലിചെയ്തു കൊണ്ടിരിക്കുന്നത്. സ്വദേശികൾക്ക് കോഓപറേറ്റിവ് സൊസൈറ്റികളിൽ നിയമനം നൽകുന്നതോടെ വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെടാൻ ഇടയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
