പ്രശ്നങ്ങൾ നേരിടുന്നതിന് സഹകരണം പ്രധാനം -കുവൈത്ത് വിദേശകാര്യ മന്ത്രി
text_fieldsവിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് മനാമ ഡയലോഗിൽ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ബഹ്റൈനിൽ നടക്കുന്ന ആഗോളസുരക്ഷ സമ്മേളനമായ മനാമ ഡയലോഗിന്റെ 18ാം സെഷനിൽ കുവൈത്തിനെ പ്രതിനിധാനം ചെയ്ത് വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹും ഉന്നത സംഘവും പങ്കെടുത്തു.
ശനിയാഴ്ച ഊർജ സെഷനിൽ ശൈഖ് സലീം പ്രഭാഷണം നടത്തി. വിവിധ പ്രശ്നങ്ങൾ നേരിടുന്നതിന് അന്താരാഷ്ട്ര സഹകരണത്തിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. മേഖലയിലും ലോകത്തും രാഷ്ട്രീയ സ്ഥിരത സംരക്ഷിക്കുന്നതിലും ഊർജ സമാധാനം നിലനിർത്തുന്നതിലും കുവൈത്ത് നിർണായക പങ്ക് വഹിക്കുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.
ലോകരാജ്യങ്ങൾ അഭിമുഖീകരിക്കുന്ന വിവിധ വെല്ലുവിളികളെ നേരിടുന്നതിന് മിതത്വത്തിന്റെയും ചർച്ചകളുടെയും പ്രാധാന്യം വലുതാണെന്നും അദ്ദേഹം സൂചിപ്പിച്ചു. എണ്ണ പര്യവേക്ഷണം, കയറ്റുമതി, എണ്ണ ശുദ്ധീകരണശാലകൾ വികസിപ്പിക്കൽ, ഊർജ സുരക്ഷയും അതിന്റെ വിതരണവും തുടങ്ങിയ വിഷയങ്ങളിൽ എണ്ണ ഉൽപാദകരെയും ഉപഭോക്താക്കളെയും സംരക്ഷിക്കൽ, നിക്ഷേപം വർധിപ്പിക്കേണ്ടതിന്റെ ആവശ്യകത എന്നിവ അദ്ദേഹം ഉണർത്തി.
ഊർജ വിപണിയുടെ അസ്ഥിരത ആഗോള സമ്പദ്വ്യവസ്ഥയെ ബാധിക്കുമെന്ന് മുന്നറിയിപ്പു നൽകി. കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളെ നേരിടാനുള്ള പൊതു ശ്രമങ്ങൾ ഏകോപിപ്പിക്കാൻ ശൈഖ് സലീം ആഹ്വാനം ചെയ്തു.
പ്രാദേശിക, അന്തർദേശീയ രംഗങ്ങളിലെ രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷ വെല്ലുവിളികളെക്കുറിച്ചുള്ള വീക്ഷണങ്ങൾ പങ്കിടുന്നതിനായി വിവിധ രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ വർഷംതോറും സംഘടിപ്പിച്ചുവരുന്നതാണ് മനാമ ഡയലോഗ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

