ആഗോള വെല്ലുവിളികൾ നേരിടുന്നതിന് സഹകരണം അനിവാര്യം - കിരീടാവകാശി
text_fieldsക്വാലാലംപൂരിൽ നടന്ന രണ്ടാമത് ജി.സി.സി-ആസിയാൻ ഉച്ചകോടിയിൽ കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ് സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ആഗോള വെല്ലുവിളികളെ നേരിടുന്നതിന് കൂടുതൽ ആഴത്തിലുള്ള പ്രാദേശിക, അന്തർദേശീയ സഹകരണത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ്. ക്വാലാലംപൂരിൽ നടന്ന രണ്ടാമത് ജി.സി.സി-ആസിയാൻ ഉച്ചകോടിയിൽ ഉദ്ഘാടന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ജി.സി.സിയുടെ നിലവിലെ ചെയർമാനാണ് കിരീടാവകാശി. രണ്ട് പ്രാദേശിക ബ്ലോക്കുകൾക്കിടയിൽ വളരുന്ന പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിൽ ഉച്ചകോടി വിജയിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
ജി.സി.സി, ആസിയാൻ രാജ്യങ്ങളുടെ ആഗോള പ്രാധാന്യത്തെയും സാമ്പത്തിക ശക്തി, ജനസംഖ്യ, തന്ത്രപ്രധാനമായ സ്ഥാനങ്ങൾ എന്നിവയും കിരീടാവകാശി ചൂണ്ടിക്കാട്ടി.സാമ്പത്തിക സഹകരണം ഒരു മുൻഗണനയായി തുടരുന്നുവെന്ന് കിരീടാവകാശി ഊന്നിപ്പറഞ്ഞു, 2023 ൽ ജി.സി.സി ആസിയാന്റെ ഏഴാമത്തെ വലിയ വ്യാപാര പങ്കാളിയാണ്. ഇരു വിഭാഗങ്ങൾക്കുമിടയിൽ ഉഭയകക്ഷി വ്യാപാരം 130.7 ബില്യൺ യു.എസ് ഡോളറിലെത്തി. 2032 ഓടെ 180 ബില്യൺ യു.എസ് ഡോളറിലെത്തുമെന്നും ചൂണ്ടിക്കാട്ടി. ഊർജ്ജം, സാങ്കേതികവിദ്യ, സുസ്ഥിര വികസനം എന്നിവയുൾപ്പെടെയുള്ള മേഖലകളിലെ വ്യാപാരം, നിക്ഷേപം, പങ്കാളിത്തം എന്നിവ വികസിപ്പിക്കുന്നതിനുള്ള സാധ്യതകളും സൂചിപ്പിച്ചു.
ഗസ്സയിലെ സാധാരണക്കാരുടെ സംരക്ഷണം ഉറപ്പാക്കണം
കുവൈത്ത് സിറ്റി: ഗസ്സയിലെയും ഫലസ്തീൻ പ്രദേശങ്ങളിലെയും സാധാരണക്കാരുടെ സംരക്ഷണം ഉറപ്പാക്കണമെന്ന് കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ്. സമാധാന പ്രക്രിയയെ പിന്തുണക്കുന്നതിലൂടെ നിയമപരവും ധാർമികവുമായ ഉത്തരവാദിത്തങ്ങൾ ഉയർത്തിപ്പിടിക്കണമെന്നും അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു. ക്വാലാലംപൂരിൽ നടന്ന രണ്ടാമത് ജി.സി.സി-ആസിയാൻ ഉച്ചകോടിയിൽ ഉദ്ഘാടന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഫലസ്തീൻ ലക്ഷ്യത്തോടുള്ള ആസിയാന്റെ ഐക്യദാർഢ്യത്തെ അദ്ദേഹം സ്വാഗതം ചെയ്തു.
സിറിയയിലെ പുതിയ സംഭവവികാസങ്ങളെ കിരീടാവകാശി സ്വാഗതം ചെയ്തു. സ്ഥിരത പുനഃസ്ഥാപിക്കൽ വികസനത്തിനും സമൃദ്ധിക്കും വഴികൾ തുറക്കൽ എന്നീ ലക്ഷ്യത്തിൽ സിറിയയുടെ പരമാധികാരവും സമഗ്രതയും നിലനിർത്തുന്നതിനുള്ള ശ്രമങ്ങൾക്ക് ജി.സി.സിയുടെ പിന്തുണ അദ്ദേഹം ആവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

