മയക്കുമരുന്ന് നിയന്ത്രണം; കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് രാജ്യാന്തര അംഗീകാരം
text_fieldsപുരസ്കാരവുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം പ്രതിനിധികൾ
കുവൈത്ത് സിറ്റി: മയക്കുമരുന്ന് പ്രതിരോധത്തിൽ ശക്തമായ ഇടപെടൽ നടത്തുന്ന കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് രാജ്യന്തര അംഗീകാരം. അറബ് ആഭ്യന്തര മന്ത്രിമാരുടെ കൗൺസിലിന്റെ (എ.ഐ.എം.സി) രണ്ട് പുരസ്കാരങ്ങൾ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ചു. അറബ്, അന്താരാഷ്ട്ര തലങ്ങളിൽ മയക്കുമരുന്ന് വിരുദ്ധ സഹകരണത്തിൽ നടത്തിയ ശ്രദ്ധേയ ഇടപെടൽ കണക്കിലെടുത്താണ് പുരസ്കാരം. ടുണിസിൽ നടന്ന മയക്കുമരുന്ന് വിരുദ്ധ ഏജൻസികളുടെ തലവന്മാരുടെ 39ാമത് അറബ് സമ്മേളനത്തിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. അറബ് മയക്കുമരുന്ന് നിയന്ത്രണ ഗ്രൂപ്പുകൾക്കിടയിൽ മികച്ച പ്രവർത്തനവും, വിവരങ്ങൾ പങ്കിടലും സഹകരണവും കണക്കിലെടുത്താണ് അവാർഡുകൾ.
കുവൈത്തിലെ മയക്കുമരുന്ന് നിയന്ത്രണത്തിനായുള്ള ജനറൽ ഡയറക്ടറേറ്റിന്റെ മേധാവി ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ഖബസാർഡിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അറബ് മയക്കുമരുന്ന് നിയന്ത്രണ ഏജൻസികൾ, ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) ക്രിമിനൽ ഇൻഫർമേഷൻ സെന്റർ ഫോർ കോംബാറ്റിംഗ് ഡ്രഗ്സ്, യുനൈറ്റഡ് നേഷൻസ് ഓഫിസ് ഓൺ ഡ്രഗ്സ് ആൻഡ് ക്രൈം, യൂറോപ്യൻ യൂനിയൻ എഗൈൻസ്റ്റ് ഓർഗനൈസ്ഡ് ക്രൈം ആൻഡ് ടെററിസം പ്രോജക്ട്, ഇയു ഡ്രഗ്സ് ഏജൻസി, ഇന്റർനാഷനൽ പ്രൊട്ടക്ഷൻ സെന്റർ എന്നിവയുടെ തലവന്മാർ പങ്കെടുത്തു. മയക്കുമരുന്ന് ഉൽപാദനം, ഉപയോഗം, കള്ളക്കടത്ത് എന്നിവയെ ചെറുക്കൽ, പ്രതിരോധ നടപടികൾ എന്നിവ യോഗം വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

