കരാർ ഈ മാസം ഒപ്പുവെക്കും; വികസന കുതിപ്പാകാൻ മുബാറക് അൽ കബീർ തുറമുഖം
text_fieldsപൊതുമരാമത്ത് മന്ത്രി ഡോ.നൂറ അൽ മഷാന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിതലസമിതി യോഗം
കുവൈത്ത് സിറ്റി: മുബാറക് അൽ കബീർ തുറമുഖം പൂർത്തിയാക്കുന്നതിനുള്ള എക്സിക്യൂട്ടീവ് കരാർ ഡിസംബറിൽ ഒപ്പുവെക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ മഷാൻ അറിയിച്ചു. ചൈനയുടെ ഗതാഗത മന്ത്രാലയവുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ചൈനീസ് സർക്കാർ കമ്പനിയുമായാണ് കരാർ ഒപ്പുവെക്കുക.
മറ്റ് രാജ്യങ്ങളുമായി ഒപ്പുവച്ച കരാറുകൾ ഉൾപ്പെടെ കുവൈത്തിന്റെ പ്രധാന പദ്ധതികളുടെ തുടർനടപടികൾക്കായുള്ള മന്ത്രിതലസമിതിയുടെ 38ാമത് യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ഡോ.നൂറ അൽ മഷാൻ.
ദേശീയ പവർ ഗ്രിഡ്, പുനരുപയോഗ-ഹരിത ഊർജ അടിസ്ഥാനസൗകര്യങ്ങളുടെ വികസനം, ഭവന പദ്ധതികൾ, ശുചിത്വം, സ്വതന്ത്ര വ്യാപാരം, മരുഭൂമീകരണം തടയൽ എന്നിവയിലെ സഹകരണം എന്നിവയുൾപ്പെടെയുള്ള മറ്റ് പദ്ധതികളെക്കുറിച്ചും യോഗം ചർച്ച ചെയ്തു.സർക്കാറിന്റെയും ഓഡിറ്റിങ് സ്ഥാപനങ്ങളുടെയും നടപടിക്രമങ്ങൾക്കുശേഷം രാജ്യത്തെ പ്രധാന പദ്ധതികൾക്കുള്ള കരാറുകളിൽ ഉടൻ ഒപ്പുവെക്കുമെന്ന് മന്ത്രി അൽ മഷാൻ കൂട്ടിച്ചേർത്തു. കുവൈത്ത്, ചൈന ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളുമായി ഒപ്പുവെച്ച വിവിധ കരാറുകൾ വൈകാതെ നടപ്പാകുമെന്ന് ഏഷ്യൻ കാര്യങ്ങളുടെ അസിസ്റ്റന്റ് വിദേശകാര്യ മന്ത്രിയും മന്ത്രിതല സമിതി സെക്രട്ടറിയുമായ അംബാസഡർ സമീഹ് ഹയാത്ത് പറഞ്ഞു. പ്രധാന അന്താരാഷ്ട്ര കമ്പനികൾ രാജ്യത്തിന്റെ പദ്ധതികളിൽ താൽപര്യം പ്രകടിപ്പിച്ച് മുന്നോട്ട് വരുന്ന സാഹചര്യത്തിൽ വികസനശ്രമങ്ങൾ ത്വരിതപ്പെടുത്തുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിൽ മുനിസിപ്പൽകാര്യ സഹമന്ത്രിയും ഭവനകാര്യ സഹമന്ത്രിയുമായ അബ്ദുല്ലത്തീഫ് അൽ മെഷാരി, വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രിയും ധനകാര്യ മന്ത്രിയും സാമ്പത്തിക കാര്യ, നിക്ഷേപ ആക്ടിങ് മന്ത്രിയുമായ ഡോ. സബീഹ് അൽ മുഖൈസീം, ഫത്വ, നിയമനിർമാണ ഭരണ മേധാവി സലാഹ് അൽ മജീദ്, അംബാസഡർ ഹയാത്ത്, പൊതുമരാമത്ത്, പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങളിലെ മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

