കോൺസുലർ സേവന നിരക്ക് വർധന: കല കുവൈത്ത് നിവേദനം നൽകി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്ത്യൻ പാസ്‌പോർട്ട്, വിസ, കോൺസുലർ സേവനങ്ങൾക്കുള്ള സർവീസ് ചാർജ് കുത്തനെ വർധിപ്പിച്ച നടപടി പിൻവലിക്കാൻ വേണ്ട ഇടപെടൽ ആവശ്യപ്പെട്ട് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈത്ത് ഇന്ത്യൻ അംബാസിഡർക്ക് കത്തയച്ചു.
പുതിയ സേവനദാതാക്കളായ ഡ്യൂ ഡിജിറ്റൽ ഗ്ലോബൽ പ്രഖ്യാപിച്ചിരിക്കുന്ന പുതുക്കിയ ഫീസ് ഘടന സാധാരണ പ്രവാസികൾക്ക് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നതാണ്. നിലവിൽ നിർബന്ധമില്ലാതിരുന്ന കൊറിയർ, ടൈപ്പിംഗ്, പ്രിന്റിംഗ് തുടങ്ങിയ സേവനങ്ങൾ നിർബന്ധിതമാക്കിയതും സർവീസ് ചാർജ് ഗണ്യമായി വർധിപ്പിച്ചതും പുന:പരിശോധിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.
കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികൾ, നഴ്‌സുമാർ ഉൾപ്പെടെയുള്ള പ്രൊഫഷണലുകൾ, വിവിധ ആവശ്യങ്ങൾക്കായി പതിവായി കോൺസുലർ സേവനങ്ങൾ ഉപയോഗിക്കുന്നവർ എന്നിവർക്ക് പുതിയ ഫീസ് വലിയ സാമ്പത്തികഭാരം സൃഷ്ടിക്കും. ഓൺലൈൻ അപ്പോയിന്റ്മെന്റ് ഉൾപ്പെടെയുള്ള പുതിയ സൗകര്യങ്ങളും സേവന നിലവാരം മെച്ചപ്പെടുത്താനുള്ള നടപടികളും സ്വാഗതാർഹമാണെങ്കിലും, അനാവശ്യമായ അധിക ചെലവ് പ്രവാസികൾക്ക് മേൽ അടിച്ചേൽപ്പിക്കുന്നത് ഒഴിവാക്കണം.
സർവീസ് ചാർജ് അടിയന്തരമായി പുന:പരിശോധിക്കണമെന്നും, സേവനങ്ങൾ നിർബന്ധിതമാക്കിയ തീരുമാനം പിൻവലിക്കണമെന്നും, സാധാരണ പ്രവാസികൾക്ക് താങ്ങാനാവുന്ന നിരക്കിൽ കോൺസുലർ സേവനങ്ങൾ ഉറപ്പാക്കാൻ എംബസി ഇടപെടണമെന്നും കല പ്രസിഡന്റ് അൻസാരി കടക്കൽ, ജനറൽ സെക്രട്ടറി ജിതിൻ പ്രകാശ് എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

