ഇറാഖിലെ സംഘർഷം; പൗരന്മാരോട് രാജ്യംവിടാൻ കുവൈത്ത് അഭ്യർഥന
text_fieldsകുവൈത്ത് സിറ്റി: സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ തങ്ങളുടെ പൗരന്മാരോട് ഇറാഖ് വിടാൻ കുവൈത്തിന്റെ അഭ്യർഥന. ഇറാഖിലെ കുവൈത്ത് എംബസിവഴി ഇക്കാര്യം പൗരന്മാരിലേക്ക് എത്തിച്ചിട്ടുണ്ട്. ഇറാഖിലേക്ക് പോകാൻ ആഗ്രഹിക്കുന്നവരോട് യാത്ര മാറ്റിവെക്കാനും എംബസി ആവശ്യപ്പെട്ടു.
ശിയ നേതാവ് മുഖ്തദ സദ്ർ രാഷ്ട്രീയം വിടുമെന്ന പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ബഗ്ദാദിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്. സംഘർഷത്തിൽ ഇറാഖിൽ കുറഞ്ഞത് 23 പ്രതിഷേധക്കാർ കൊല്ലപ്പെടുകയും 270 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട്.
അതേസമയം, പിരിമുറുക്കം രൂക്ഷമായ സാഹചര്യത്തിൽ ഒത്തുചേരലുകൾ ഒഴിവാക്കാനും ജാഗ്രത പാലിക്കാനും ജോർഡൻ വിദേശകാര്യ മന്ത്രാലയം ഇറാഖിലെ ജോർഡനികളോട് ആവശ്യപ്പെട്ടു. ദുബൈയിലെ ദീർഘദൂര വിമാനക്കമ്പനിയായ എമിറേറ്റ്സ് ബഗ്ദാദിലേക്കുള്ള വിമാന സർവിസുകൾ നിർത്തിവെച്ചതായി പ്രഖ്യാപിച്ചു.
വിമാനങ്ങൾ നിർത്തിയതിനു പിറകെ ഇറാഖിലേക്കുള്ള കര അതിർത്തികളും ഇറാൻ അടച്ചു. ദശലക്ഷക്കണക്കിന് ഇറാനികൾ ശിയ പ്രദേശങ്ങളിലേക്കുള്ള വാർഷിക തീർഥാടനത്തിനായി ഇറാഖ് സന്ദർശിക്കാൻ തയാറെടുക്കുന്നതിനിടെയാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

