ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം
text_fieldsകോഡ്പാക് ഉമ്മൻ ചാണ്ടി അനുശോചന യോഗത്തിൽ ജസ്റ്റിൻ ജെയിംസ് സംസാരിക്കുന്നു
കോട്ടയം ജില്ല പ്രവാസി അസോസിയേഷൻ
കുവൈത്ത് സിറ്റി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ ആദരാഞ്ജലി അർപ്പിച്ച് കോട്ടയം ജില്ല പ്രവാസി അസോസിയേഷൻ കുവൈത്തിന്റെ (കോഡ്പാക്) നേതൃത്വത്തിൽ അനുശോചനയോഗം സംഘടിപ്പിച്ചു.
അബ്ബാസിയ ഇംപീരിയൽ ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് അനൂപ് സോമൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജസ്റ്റിൻ ജെയിംസ് സ്വാഗതവും അഡ്വൈസറി ബോർഡ് മെംബർ ജിജോ ജേക്കബ് കുര്യൻ അനുശോചനക്കുറിപ്പും അവതരിപ്പിച്ചു. തുടർന്ന് അംഗങ്ങൾ ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രത്തിനു മുന്നിൽ പുഷ്പാർച്ചന നടത്തി.
കുവൈത്തിൽ അവസാന തവണ സ്വകാര്യ സന്ദർശനത്തിന് വന്ന ഉമ്മൻ ചാണ്ടി കോട്ടയം ജില്ല പ്രവാസി അസോസിയേഷൻ സ്വീകരണ യോഗത്തിൽ സംബന്ധിച്ചതും സംഘടനയുടെ പ്രവർത്തനങ്ങളെ ശ്ലാഘിച്ച് സംസാരിച്ചതും പ്രവർത്തകർ ഓർത്തെടുത്തു. ഉപദേശകസമിതി അംഗം ഡോജി മാത്യു, ട്രഷറർ സുമേഷ് ടി.എസ്, മീഡിയ കൺവീനർ അരുൺ രവി, വൈസ് പ്രസിഡന്റ് സുബിൻ ജോർജ്, ജോ. ട്രഷറർ ജോസഫ് കെ.ജെ, മുൻ ജനറൽ സെക്രട്ടറി ജോർജ് കാലായിൽ, ചാരിറ്റി കൺവീനർ ഭൂപേഷ്, ഏരിയ കോഓഡിനേറ്റർ റോബിൻ ലൂയിസ്, നിജാസ് കാസിം, ചിന്നമ്മ റോയി എന്നിവർ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ചു സംസാരിച്ചു.
പ്രവാസി വെൽഫെയർ കോട്ടയം ജില്ല കമ്മിറ്റി
കുവൈത്ത് സിറ്റി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ ആദരാഞ്ജലി അർപ്പിച്ച് പ്രവാസി വെൽഫെയർ കുവൈത്ത് കോട്ടയം ജില്ല എക്സിക്യൂട്ടിവ് യോഗം. ‘ജനസമ്പർക്കത്തിലൂടെ’ കേരള ജനതയുടെ ഹൃദയത്തിൽ ഇത്രത്തോളം സ്ഥാനം നേടിയ മറ്റൊരു രാഷ്ട്രീയ നേതാവില്ലെന്ന് പ്രസിഡന്റ് ജവാദ് കെ.എം പറഞ്ഞു. ആറു പതിറ്റാണ്ടോളം പുതുപ്പള്ളി മണ്ഡലത്തിൽ രാഷ്ട്രീയ പ്രവർത്തനം നടത്തിയ ഉമ്മൻ ചാണ്ടിയുമായുള്ള അനുഭവങ്ങൾ പുതുപ്പള്ളി സ്വദേശി ഷീബ ബാബു പങ്കുവെച്ചു. ജില്ല സെക്രട്ടറി ഹാരിസ് ഇസ്മായിൽ, ശബാസ് അബ്ദുൽ ഖാദർ എന്നിവർ സംസാരിച്ചു.

