ഇന്നസെന്റിന്റെ നിര്യാണത്തിൽ അനുശോചിച്ചു
text_fieldsകുവൈത്ത് സിറ്റി: നടനും മുൻ എം.പിയുമായ ഇന്നസെന്റിന്റെ നിര്യാണത്തിൽ കല കുവൈത്ത് അനുശോചിച്ചു.
വ്യത്യസ്തമായ ഭാഷാശൈലിയും അഭിനയ മികവുംകൊണ്ട് മലയാള ചലച്ചിത്ര രംഗത്ത് നിറഞ്ഞുനിന്ന ഇന്നസെന്റ് സാമൂഹിക രാഷ്ട്രീയ രംഗങ്ങളിലും നിറസാന്നിധ്യമായിരുന്നു എന്ന് കല ചൂണ്ടിക്കാട്ടി. എം.പിയെന്ന നിലയിൽ അദ്ദേഹം നടത്തിയ പാർലമെന്ററി പ്രവർത്തനങ്ങൾ ഇന്നസെന്റിനെ സിനിമാരംഗത്തും രാഷ്ട്രീയരംഗത്തും വേറിട്ട് നിർത്തി. കലയോടും രാഷ്ട്രീയത്തോടും അങ്ങേയറ്റം ആത്മാർഥതയും സമൂഹിക പ്രതിബദ്ധതയും ഇന്നസെന്റിന്റെ പ്രത്യേകതയായിരുന്നു. ഇന്നസെന്റിന്റെ വേർപാടിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും ആദരാഞ്ജലികൾ അർപ്പിക്കുന്നതായും കല കുവൈത്ത് പ്രസിഡന്റ് കെ.കെ. ശൈമേഷ്, ജനറൽ സെക്രട്ടറി സി. രജീഷ് എന്നിവർ അറിയിച്ചു.
കുവൈത്ത് സിറ്റി: സിനിമാതാരവും മുൻ പാർലമെന്റ് അംഗവും ആയ ഇന്നസെന്റിന്റെ നിര്യാണത്തിൽ ജനത കൾച്ചറൽ സെന്റർ കുവൈത്ത് അനുശോചിച്ചു. സിനിമാലോകത്തിനും, കേരള സമൂഹത്തിനും തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗമെന്ന് ജെ.സി.സി ഭാരവാഹികളായ സമീർ കൊണ്ടോട്ടി, അനിൽ കൊയിലാണ്ടി, മണി പാനൂർ എന്നിവർ അറിയിച്ചു.
കുവൈത്ത് സിറ്റി: ഇന്നസെന്റിന്റെ നിര്യാണത്തിൽ കൊയിലാണ്ടിക്കൂട്ടം കുവൈത്ത് ചാപ്റ്റർ അനുശോചിച്ചു. സിനിമാലോകത്തിനൊപ്പം കേരള സമൂഹത്തിനും തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗമെന്ന് ഭാരവാഹികൾ അറിയിച്ചു.