ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ അനുശോചനം
text_fieldsകുവൈത്ത് സിറ്റി: മനുഷ്യപക്ഷത്ത് നിലയുറപ്പിക്കുകയും ദുർബലരെയും നിസ്സഹായരെയും ചേർത്തു നിർത്തുകയും ചെയ്ത ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ കുവൈത്തിലെ വിവിധ സംഘടനകൾ അനുശോചിച്ചു. ലോക സമാധാനത്തിനും ശാന്തിക്കും വേണ്ടി ശക്തമായ നിലപാടെടുക്കുകയും ചെയ്ത ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണം നികതാനാകാത്ത വിടവാണെന്ന് സംഘടനാ പ്രതിനിധികൾ ചൂണ്ടാക്കാട്ടി.
കെ.എം.സി.സി
ഫ്രാൻസിസ് മാർപാപ്പ മാനവികതയുടേയും സാഹോദര്യത്തിന്റെയും ലോക അംബാസിഡറായിരുന്നുവെന്ന് കുവൈത്ത് കെ.എം.സി.സി സംസ്ഥാന സെക്രട്ടറിയേറ്റ്. മാർപാപ്പയുടെ വിയോഗം കത്തോലിക്ക വിശ്വാസ സമൂഹത്തിനു മാത്രമല്ല ലോക ജനതക്ക് തന്നെ വലിയ നഷ്ടമാണ് സൃഷ്ടിച്ചതെന്നും അനുശോചന കുറിപ്പിൽ വ്യക്തമാക്കി. ഫലസ്തീനിലേയും ഇസ്രായേലിലേയും വേദനിക്കുന്നവരോടൊപ്പമാണ് താനെന്ന അദ്ദേഹത്തിന്റെ വാക്കുകൾ യുദ്ധത്തിനെതിരെയുള്ള നിലപാട് കൂടിയായിരുന്നു എന്നും സ്റ്റേറ്റ് പ്രസിഡന്റ് നാസർ അൽ മഷ്ഹൂർ തങ്ങൾ, ജനറൽ സെക്രട്ടറി മുസ്തഫ കാരി, ട്രഷറർ ഹാരിസ് വള്ളിയോത്ത് എന്നിവർ വ്യക്തമാക്കി.
കെ.ഐ.ജി കുവൈത്ത്
ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ കേരള ഇസ്ലാമിക് ഗ്രൂപ് (കെ.ഐ.ജി) കുവൈത്ത് അനുശോചിച്ചു. ലോക ജനതയുടെ സമാധാനത്തിനും സഹവർത്തിത്തിനും വേണ്ടി പ്രവർത്തിക്കുകയും പ്രാർത്ഥിക്കുകയും ചെയ്ത മഹനീയ വ്യക്തിത്വമായിരുന്നു മാർപ്പാപ്പ. ലോകമെമ്പാടുമുള്ള പ്രയാസപ്പെടുന്ന ജനതയെ അദ്ദേഹം ചേർത്തുനിർത്തി. ജന്മ നാടിന്റെ വിമോചനത്തിനുവേണ്ടി പോരാടുന്ന ഫലസ്തീൻ ജനതയോട് ചേർന്ന് നിൽക്കാനും നീതിയുടെ പക്ഷത്ത് നിൽക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ഫ്രാൻസിസ് മാർപാപ്പയുടെ വാക്കും പ്രവർത്തികളും എന്നും നിലനിൽക്കുമെന്നും കെ.ഐ.ജി ചൂണ്ടിക്കാട്ടി.
ഒ.ഐ.സി.സി
അതുപോലെ ലോക സമാധാനത്തിനും കാരുണ്യത്തിന്റെയും വിനയത്തിന്റെയും പ്രതീകമായി നിലകൊണ്ട ഫ്രാൻസിസ് മാർപാപ്പയെ ലോകമെമ്പാടുമുള്ളവർ ഓർമ്മിക്കുമെന്ന് ഒ.ഐ.സി.സി പ്രസിഡന്റ് വർഗീസ് പുതുകുളങ്ങരയും ജനറൽ സെക്രട്ടറി ബി.എസ്.പിള്ളയും അനുശോചന സന്ദേശത്തിൽ പറഞ്ഞു. സാധാരണക്കാരനെ എന്നു ചേർത്തുനിർത്തിയ വ്യക്തിയായിരുന്നു ഫ്രാൻസിസ് മാർപാപ്പയെന്നും ഒ.ഐ.സി.സി കൂട്ടിച്ചേർത്തു.
കേരള അസോസിയേഷൻ കുവൈത്ത്
ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ കേരള അസോസിയേഷൻ കുവൈത്ത് അനുശോചിച്ചു. ദൈവത്തിന് എല്ലാ മനുഷ്യരും ഒരുപോലെയാണ് എന്ന് പറഞ്ഞ മനുഷ്യസ്നേഹിയായിരുന്നു ഫ്രാൻസിസ് മാർപാപ്പ. അത്യാഗ്രഹത്തിന്റെ പാത്രം വലുതാകുന്നതല്ലാതെ അത് തുളുമ്പി പാർശ്വവൽക്കരിക്കപ്പെടുന്നവരുടെ തൊണ്ട നനയുന്നതായി താൻ കണ്ടിട്ടില്ല എന്ന ധീരമായ നിലപാട് എടുത്ത മാർപ്പാപ്പ എക്കാലത്തും സ്മരിക്കപ്പെടുമെന്നും കേരള അസോസിയേഷൻ കുവൈത്ത് ചൂണ്ടിക്കാട്ടി.
കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ
ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്ത് അനുശോചിച്ചു. സൗമ്യമായ ഇടപെടല് കൊണ്ട് ജനമനസ്സിൽ സ്വാധീനം നേടിയ ഫ്രാൻസിസ് മാർപാപ്പ വേദനിക്കുന്നവരോടൊപ്പം എന്നും നിലനിന്ന ലോകനേതാവ് കൂടി ആണെന്ന് അസോസിയേഷൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

