കുവൈത്തും ജപ്പാനും തമ്മിൽ ‘സമഗ്ര തന്ത്രപരമായ പങ്കാളിത്തം’
text_fieldsകിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ് ജപ്പാൻ പ്രധാനമന്ത്രി ഷിഗെരു ഇഷിബകൊപ്പം
കുവൈത്ത് സിറ്റി: കുവൈത്തും ജപ്പാനും ഉഭയകക്ഷി ബന്ധങ്ങളെ ‘സമഗ്ര തന്ത്രപരമായ പങ്കാളിത്തം’ ആയി ഉയർത്തി. കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹിന്റെ ജപ്പാൻ സന്ദർശനത്തിന്റെ ഫലമായാണ് ഈ കരാറെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ആഴം വ്യക്തമാക്കുകയും സഹകരണത്തിന് പുതിയ ചക്രവാളങ്ങൾ തുറക്കുകയും ചെയ്തതായും വ്യക്തമാക്കി.
പ്രാദേശിക, അന്തർദേശീയ മാറ്റങ്ങൾക്കിടയിലും ഇരു രാജ്യങ്ങളുടെയും പരസ്പര താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും വിവിധ സുപ്രധാന മേഖലകളിലെ ബന്ധം ശക്തിപ്പെടുത്തുന്നതിനുമുള്ള മാർഗങ്ങളെക്കുറിച്ച് കിരീടാവകാശി ജപ്പാൻ പ്രധാനമന്ത്രി ഷിഗെരു ഇഷിബയുമായി ചർച്ച നടത്തി.രാഷ്ട്രീയ, സാമ്പത്തിക, മാനുഷിക മേഖലകളിലെ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിലൂടെ മേഖലയിലും അന്തർദേശീയ തലങ്ങളിലും സുരക്ഷ, സ്ഥിരത, സമൃദ്ധി എന്നിവ സാക്ഷാത്കരിക്കപ്പെടുമെന്നും ഇതിനായി ഇരു രാജ്യങ്ങളുടെയും പ്രതിബദ്ധത ഇരുവരും ഉറപ്പാക്കിയതായും വിദേശകാര്യ മന്ത്രാലയം സൂചിപ്പിച്ചു.
ബുധനാഴ്ചയാണ് കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ് ഔദ്യോഗിക സന്ദർശനത്തിനായി ടോക്യോയിലെത്തിയത്.
വിദേശകാര്യ മന്ത്രി അബ്ദുള്ള അൽ യഹ്യയും കുവൈത്ത് പ്രതിനിധി സംഘവും കിരീടാവകാശിക്കൊപ്പമുണ്ട്. 2016 നു ശേഷം ജപ്പാനിലേക്കുള്ള കുവൈത്തിന്റെ ആദ്യ ഉന്നതതല സന്ദർശനമാണിത്. കുവൈത്തും ജപ്പാനും തമ്മിൽ വിവിധ മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിനായി നിരവധി ധാരണപത്രങ്ങളിൽ സന്ദർശന ഭാഗമായി ഒപ്പുവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

