രാജ്യത്ത് പ്രവേശിക്കുന്നവരുടെ പൂർണ വിവരങ്ങൾ ശേഖരിക്കും
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് പ്രവേശിക്കുന്നവരുടെ പൂർണ വിവരങ്ങൾ രേഖപ്പെടുത്തുന്നതിന്റെ ഭാഗമായി വിരലടയാളങ്ങൾ ശേഖരിക്കുന്നതിന് നവീന രീതികൾ ആരംഭിച്ചു. ക്രിമിനൽ എവിഡൻസ് ഡിപ്പാർട്മെന്റിന്റെയും ഇൻഫർമേഷൻ സിസ്റ്റംസ് സെന്ററിന്റെയും സഹകരണത്തോടെ രാജ്യത്തേക്ക് പ്രവേശിക്കുന്നവരുടെ 10 വിരലടയാളങ്ങളും ഇനി സ്കാന്‍ ചെയ്യും. കര, വ്യോമ, കടൽ അതിർത്തി വഴി പ്രവേശിക്കുന്ന എല്ലാവരെയും ഇതിൽ ഉൾപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.
നിലവിൽ 12 ദശലക്ഷം വിരലടയാളങ്ങൾ സൂക്ഷിച്ചുവെക്കാനുള്ള ശേഷി ക്രിമിനൽ എവിഡൻസ് ഡിപ്പാർട്മെന്റിലെ ഫിംഗർ പ്രിന്റ് ഡേറ്റാബേസിനുണ്ട്. എല്ലാ അതിർത്തി ക്രോസിങ്ങുകളിലും ഓട്ടോമാറ്റിക് ഫിംഗർ പ്രിന്റ് ഉപകരണങ്ങൾ സ്ഥാപിക്കൽ പൂർത്തിയാക്കിയതായി പ്രാദേശിക മാധ്യമമായ അൽ ജരീദ റിപ്പോര്‍ട്ട് ചെയ്തു.
വിരലടയാളങ്ങള്‍, ഐറിസ് സ്കാനുകൾ, ഫേഷ്യൽ റെക്കഗ്നിഷൻ, ഇലക്ട്രോണിക് സിഗ്നേച്ചറുകൾ തുടങ്ങി നൂതന ബയോമെട്രിക് സംവിധാനങ്ങള്‍ വഴി പരിശോധിക്കുന്നതിലൂടെ സുരക്ഷ നടപടികൾ ശക്തിപ്പെടുത്താന്‍ കഴിയുമെന്ന് അധികൃതര്‍ വ്യക്തമാക്കി. പരിശോധന യന്ത്രത്തിൽ വിരൽ വെക്കുന്നതോടെ മൂന്നു സെക്കൻഡുകൾക്കകം ഡേറ്റാബേസിൽനിന്ന് വ്യക്തികളെ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാകുന്ന രീതിയിലാണ് പൊലീസിന്റെ പരിശോധന സംവിധാനം സജ്ജീകരിച്ചിരിക്കുന്നത്. 2011ലാണ് വിമാനത്താവളത്തിൽ വിരലടയാള പരിശോധന സംവിധാനം ഏർപ്പെടുത്തിയത്. തുടര്‍ന്ന് രാജ്യത്തെ എല്ലാ കര അതിർത്തികളിലേക്കും തുറമുഖങ്ങളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു.
വിവരങ്ങൾ രേഖപ്പെടുത്തലും പരിശോധനയും ശക്തമാക്കുന്നതോടെ യാത്രാവിലക്കുള്ളവരും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരും രാജ്യത്ത് പ്രവേശിക്കുന്നതും രാജ്യത്തുനിന്ന് പുറത്തുകടക്കുന്നതും തടയാൻ സഹായിക്കും. വ്യാജ പാസ്പോർട്ടുകളിൽ രാജ്യത്തേക്ക് പ്രവേശിക്കുന്നത് വിലക്കാനും കഴിയും. രാജ്യത്ത് വിലക്കുള്ളയാൾ കുവൈത്തിൽ പ്രവേശിക്കാനുള്ള ശ്രമത്തിനിടെ കഴിഞ്ഞയാഴ്ച പിടിയിലായിരുന്നു. വർഷങ്ങൾക്കു മുമ്പ് കുവൈത്തിൽനിന്ന് നാടുകടത്തിയ ഇയാൾ പേരിൽ മാറ്റംവരുത്തി പുതിയ തൊഴിൽ വിസയിൽ വിമാനത്താവളത്തിൽ എത്തുകയായിരുന്നു. എന്നാൽ, വിമാനത്താവളത്തിലെ വിരലടയാള പരിശോധനയിലാണ് ഇയാളെ തിരിച്ചറിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

